ഇന്ധനവില വർധനയിലൂടെ ജനങ്ങളെ കൊള്ളയടിക്കുന്നു ; കേന്ദ്രവും സംസ്ഥാനവും ഭായി ഭായി നിലപാടില്ലെന്ന് ഉമ്മന്‍ ചാണ്ടി

Jaihind Webdesk
Monday, September 20, 2021

തിരുവനന്തപുരം : കേന്ദ്ര-സംസ്ഥാന സർക്കാരുകള്‍ ജനങ്ങളെ കൊള്ളയടിക്കുകയാണെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. പാചകവാതക, ഇന്ധനവില വർധനവിലൂടെ പകല്‍കൊള്ളയാണ് നടക്കുന്നത്. ജി.എസ്.ടിയെപ്പോലും സംസ്ഥാന സർക്കാർ എതിർക്കുന്നു. ഇന്ധനവിലവർധനവില്‍ കേന്ദ്രവും സംസ്ഥാനവും ഭായി ഭായി നിലപാടിലാണ്. ഇതിനോട് ഒരിക്കലും യോജിക്കാൻ സാധിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.

ബിജെപി പറഞ്ഞ ഒരു രാജ്യം, ഒരു ടാക്സ് എന്ന നയം സർക്കാർ അനുകൂലിച്ചതാണെന്നും പിന്നെ എന്തു കൊണ്ടാണ് പെട്രോൾ, ഡീസൽ, പാചകവാതക വിലയെ അതിൽ ഉൾപ്പെടുത്തുന്നില്ലെന്നും ഉമ്മൻ ചാണ്ടി ചോദിച്ചു. സംസ്ഥാന സർക്കാരിന് ഖജനാവ് വികസിപ്പിക്കല്‍ മാത്രമാണ് താല്‍പ്പര്യം. ജനങ്ങളെക്കുറിച്ച് ചിന്തയില്ലെന്നും അദ്ദേഹം പറഞ്ഞു. കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ ജനദ്രോഹനയങ്ങള്‍ക്കെതിരെ യുഡിഎഫ് പ്രതിഷേധ ധർണ്ണ തിരുവനന്തപുരത്ത് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.