ശബരിമല: കലാപങ്ങളുടെ മുഴുവന്‍ ഉത്തരവാദിത്വം മുഖ്യമന്ത്രിക്ക് – ഉമ്മന്‍ ചാണ്ടി

webdesk
Sunday, January 6, 2019

സംസ്ഥാനത്ത് ഉണ്ടായ കലാപങ്ങളുടെയും സംഘർഷങ്ങളുടെയും കാരണം മുഖ്യമന്ത്രിയുടെ പിടിവാശിയും ധിക്കാരപരമായ നിലപാടും ആണെന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തകസമിതിയംഗം ഉമ്മൻചാണ്ടി. സമാധാനപരമായി പരിഹരിക്കാമായിരുന്ന പ്രശ്‌നം സങ്കീർണമാക്കിയത് സംസ്ഥാന സര്‍ക്കാരാണ്. എൻ.എസ്.എസ് ജനറൽ സെക്രട്ടറി സുകുമാരൻ നായരെ കടന്നാക്രമിക്കാൻ മന്ത്രിമാരും സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും നടത്തുന്ന ശ്രമങ്ങൾ അങ്ങേയറ്റം അപലപനീയമാണെന്നും അദ്ദേഹം പറഞ്ഞു. സുകുമാരന്‍ നായര്‍ ഉന്നയിച്ച വിമർശനങ്ങൾ പരിശോധിച്ച് തെറ്റുകൾ തിരുത്തുന്നതിന് പകരം വിമർശകരെ ഭീഷണിപ്പെടുത്താനാണ് സി.പി.എമ്മും ഗവൺമെന്‍റും ശ്രമിക്കുന്നത്.

വിമർശനങ്ങളോട് മുഖ്യമന്ത്രിയും മന്ത്രിമാരും കാണിക്കുന്ന അസഹിഷ്ണുത അവരുടെ ഫാസിസ്റ്റ് പ്രവർത്തന രീതിയുടെ തെളിവാണ്. എന്ത് വിലകൊടുത്തും വിശ്വാസികൾ പോലും അല്ലാത്ത രണ്ട് സ്ത്രീകളെ പിൻവാതിലിലൂടെ ഗൂഢതന്ത്രങ്ങൾ ഉപയോഗിച്ച് സന്നിധാനത്തിൽ എത്തിച്ചതിന്‍റെ പിന്നിൽ ഗവൺമെന്‍റിന്‍റെ പിടിവാശിയും ധിക്കാരവുമാണ്. ആളുകളെ തെറ്റിദ്ധരിപ്പിക്കാനും വർഗീയ ചേരിതിരിവ് ഉണ്ടാക്കാനും പോയത് എൻ.എസ്.എസ്. ജനറൽ സെക്രട്ടറിയല്ല, മറിച്ച് മുഖ്യമന്ത്രിയും ഗവൺമെന്‍റും ആണെന്ന് പൊതു സമൂഹത്തിന് തന്നെ ബോധ്യമായ കാര്യമാണ്. രണ്ട് വനിതകൾ ശബരിമലയിൽ ദർശനം നടത്തിയെന്ന് ആദ്യം വെളിപ്പെടുത്തിയ മുഖ്യമന്ത്രി തന്നെ തന്‍റെ അറിവോടെയല്ല ഇവര്‍ ദർശനം നടത്തിയതെന്ന് പറയുന്നത് ആരുംതന്നെ വിശ്വസിക്കുകയില്ലെന്നും പറഞ്ഞു.

സമുദായാചാര്യനായ മന്നത്തുപത്മനാഭന്‍റെ കാലം മുതൽ സമുദായ സൗഹാർദത്തിന് വേണ്ടി നിലകൊണ്ട എൻ.എസ്.എസ് വർഗീയത പ്രചരിപ്പിക്കാനാണ് ശ്രമിക്കുന്നതെന്ന കോടിയേരിയുടെ നിലപാട് സ്വന്തം പരാജയം മറച്ചുവെക്കാനുള്ള ഗൂഢതന്ത്രമാണ്. സമാധാനപൂർണമായി ഇത്രയുംകാലം നടന്ന ശബരിമല തീർഥാടനം സംഘർഷ കലുഷിതമാക്കിയതിന്‍റെയും വർഗീയ ചേരിതിരിവ് ഉണ്ടാക്കിയതിന്‍റെയും പൂർണമായ ഉത്തരവാദിത്വം മുഖ്യമന്ത്രിക്കും മാർക്‌സിസ്റ്റ് പാർട്ടിക്കുമാണ്. വിവാദങ്ങൾ പരിഹരിക്കാനല്ല ആളിക്കത്തിക്കാനാണ് മുഖ്യമന്ത്രി ശ്രമിച്ചുകൊണ്ടിരിക്കുന്നത്. തങ്ങളെ എതിർക്കുന്നവരെ എല്ലാം ആർ.എസ്.എസുകാരായി ചിത്രീകരിക്കാനുള്ള സി.പി.എം തന്ത്രം കേരളത്തിൽ വിലപോകില്ലെന്നും  എൽ.ഡി.എഫ് ഘടക കക്ഷികൾ സമീപകാല സംഭവങ്ങളിൽ പുലർത്തുന്ന നിസംഗതയും നിശബ്ദതയും അവരുടെ പ്രസക്തി തന്നെ ഇല്ലാതാക്കിയിരിക്കുകയാണെന്നും ഉമ്മൻചാണ്ടി പ്രസ്താവനയില്‍ പറഞ്ഞു.[yop_poll id=2]