ആരോഗ്യമേഖലയെ അരിഞ്ഞുവീഴ്ത്തിയിട്ട് വ്യാജ പരസ്യപ്രചാരണം ; സർക്കാരിനെതിരെ ഉമ്മന്‍ ചാണ്ടി

Jaihind News Bureau
Sunday, February 21, 2021

തിരുവനന്തപുരം : യുഡിഎഫ് തുടക്കമിട്ട പുതിയ ഗവ. മെഡിക്കല്‍ കോളജുകളെയും പാവപ്പെട്ടവര്‍ക്ക് ഏറെ പ്രയോജനം കിട്ടുന്ന നിരവധി ആരോഗ്യ പദ്ധതികളെയും അരിഞ്ഞുവീഴ്ത്തിയ ഇടതുസര്‍ക്കാര്‍ ജനങ്ങളുടെ പണം ഉപയോഗിച്ച് വ്യാജപ്രചാരണം നടത്തുകയാണെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. 2500 ലധികം സൗജന്യ എംബിബിഎസ് സീറ്റുകള്‍ നഷ്ടപ്പെടുത്തി. സ്വാശ്രയ മെഡിക്കല്‍ ഫീസ് കുത്തനെ ഉയര്‍ത്തി.

തിരുവനന്തപുരം ഇന്ദിരാഗാന്ധി മെഡിക്കല്‍ കോളജിന് 2015ല്‍ കെട്ടിടം നിര്‍മിച്ച് അധ്യാപകരെ നിയമിക്കുകയും 100 സീറ്റിന് മെഡിക്കല്‍ കൗണ്‍സിലിന്റെ അംഗീകാരവും നേടി. ഇടതുസര്‍ക്കാര്‍ അധികാരമേറ്റ ഉടനേ ഉപേക്ഷിച്ചു. ഇടുക്കി മെഡിക്കല്‍ കോളജ് 2015ല്‍ ആരംഭിച്ച് 50 കുട്ടികളെ വീതം രണ്ടുവര്‍ഷം അഡ്മിറ്റ് ചെയ്തതാണ്. ഇടതുസര്‍ക്കാര്‍ തുടര്‍ സൗകര്യം ഏര്‍പ്പെടുത്താതിരുന്നതുകൊണ്ട് 2017ല്‍ മെഡിക്കല്‍ കൗണ്‍സിലിന്റെ അംഗീകാരം നഷ്ടപ്പെട്ടു.

കോന്നി, കാസര്‍കോഡ്, വയനാട് ഗവ. മെഡിക്കല്‍ കോളജുകളുടെ നിര്‍മാണത്തിന് സ്ഥലം കണ്ടെത്തുകയും നബാര്‍ഡ് ഫണ്ട് നേടിയെടുക്കുകയും നിര്‍മാണം തുടങ്ങുകയും ചെയ്തതാണ്. കോന്നി മെഡിക്കല്‍ കോളജിന്റെ പണി താളം തെറ്റി ഇപ്പോഴാണ് ഒപി ആരംഭിച്ചത്. കാസര്‍കോഡ് മെഡിക്കല്‍ കോളജിനെ ഏറെ നാള്‍ ഉപേക്ഷിച്ചിട്ട ശേഷം കോവിഡ് രൂക്ഷമായപ്പോള്‍ കോവിഡ് ആശുപത്രിയാക്കി. വയനാട് മെഡിക്കല്‍ കോളജിന് പുതിയ സ്ഥലം കണ്ടെത്തിയത് ഈയിടെ മാത്രം. ഹരിപ്പാട് മെഡിക്കല്‍ കോളജ് പദ്ധതി പൂര്‍ണമായി ഉപേക്ഷിച്ചു.

2011ല്‍ 5 ഗവ. മെഡിക്കല്‍ കോളജുകളിലായി 850 എംബിബിഎസ് സീറ്റുകള്‍ ഉണ്ടായിരുന്നത് 2015ല്‍ 10 മെഡിക്കല്‍ കോളജുകളിലായി 1450 സീറ്റായി വര്‍ധിച്ചു. തിരുവനന്തപുരം ഇന്ദിരാഗാന്ധി മെഡിക്കല്‍ കോളജിനു ലഭിച്ച 100 സീറ്റും ഇടുക്കിയുടെ 50 സീറ്റും ഇടതുഭരണത്തില്‍ നഷ്ടപ്പെട്ടു. കേന്ദ്രസര്‍ക്കാര്‍ 10 ശതമാനം സീറ്റ് വര്‍ധിപ്പിക്കുന്നതുകൊണ്ട് ഇപ്പോള്‍ 1555 സീറ്റുണ്ട്. ഇതല്ലാതെ ഒരൊറ്റ സീറ്റുപോലും ഇടതുഭരണത്തില്‍ കൂടിയിട്ടില്ല. യുഡിഎഫ് ആരംഭിച്ച മെഡിക്കല്‍ കോളജുകള്‍ യഥാസമയം പൂര്‍ത്തിയാക്കിയിരുന്നെങ്കില്‍ കേരളത്തിന് പ്രതിവര്‍ഷം 500 സീറ്റ് കൂടുതല്‍ കിട്ടുമായിരുന്നു.

കൊച്ചി, പരിയാരം സഹ.മെഡിക്കല്‍ കോളേജുകളും പാരിപ്പള്ളി മെഡിക്കല്‍ കോളജും യുഡിഎഫ് കാലത്താണ് ഏറ്റെടുത്തത്. 30 വര്‍ഷത്തിനുശേഷമാണ് യുഡിഎഫ് കാലത്ത് പുതിയ മെഡിക്കല്‍ കോളജുകള്‍ ഇടുക്കിയിലും മഞ്ചേരിയിലും പാലക്കാട്ടും തുടങ്ങിയത്. പട്ടികജാതിക്കാര്‍ക്കായി രാജ്യത്തു തുടങ്ങിയ ആദ്യത്തെ മെഡിക്കല്‍ കോളജാണ് പാലക്കാട്ടേത്. എന്നാല്‍ എല്ലാ ജില്ലകളിലും ഒരു മെഡിക്കല്‍ കോളജ് എന്ന യുഡിഎഫ് ലക്ഷ്യം ഇടതുസര്‍ക്കാര്‍ തകര്‍ത്തു.

യുഡിഎഫ് കാലത്ത് സ്വാശ്രയ മെഡിക്കല്‍ ഫീസ് ഒന്നേകാല്‍ ലക്ഷമായിരുന്നത് ഇപ്പോള്‍ 7 ലക്ഷമായി. ഇത് 20 ലക്ഷമാക്കാനാണ് നീക്കം നടക്കുന്നത്. 2500 സൗജന്യ സീറ്റ് നഷ്ടപ്പെട്ടതുമൂലം അത്രയും കുട്ടികള്‍ക്ക് കനത്ത ഫീസ് നല്കി പഠിക്കേണ്ടി വരുന്നു.  യുഡിഎഫ് നടപ്പാക്കിയ കാരുണ്യ പദ്ധതി, ഹീമോഫിലിയ രോഗികള്‍ക്ക് ആജീവനാന്ത സൗജന്യ ചികിത്സ, കോക്ലിയര്‍ ഇംപ്ലാന്റേഷന്‍, കാന്‍സര്‍ രോഗികള്‍ക്ക് സൗജന്യ ചികിത്സ തുടങ്ങിയ നിരവധി പദ്ധതികളും ഇല്ലാതായി.