തീരദേശത്ത് ജനങ്ങള്‍ തെരുവിലറങ്ങിയതു സഹികെട്ട്; അടിന്തര സഹായമെത്തിക്കണമെന്ന് ഉമ്മന്‍ ചാണ്ടി

Jaihind News Bureau
Saturday, July 11, 2020

തീരദേശത്ത് സഹികെട്ട ജനങ്ങള്‍ തെരുവിലിറങ്ങുകയാണു ചെയ്തതെന്നും അല്ലാതെ മുഖ്യമന്ത്രി ചൂണ്ടിക്കാട്ടിയതുപോലെ അതില്‍ രാഷ്ട്രീയമില്ലെന്നും മുന്‍മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി മുഖ്യമന്ത്രിക്ക് നല്കിയ കത്തില്‍ ചൂണ്ടിക്കാട്ടി.

നഗരത്തില്‍ നിന്നു വ്യത്യസ്തമായി അന്നന്ന് അവശ്യസാധനങ്ങള്‍ വാങ്ങുന്നവരാണ് തീരദേശത്തുള്ളത്. അവരുടെ പ്രശ്‌നങ്ങള്‍ മനസിലാക്കാതെയാണ് സര്‍ക്കാര്‍ പൊടുന്നനവെയുള്ള നിയന്ത്രണം കൊണ്ടുവന്നത്. തീരദേശത്ത് കൊവിഡിന്‍റെ കര്‍ശനമായ നിയന്ത്രണങ്ങള്‍ സാധാരണജീവിതത്തെ ബാധിച്ചിരിക്കുന്നു. കൊവിഡ് ഭീഷണിയും സര്‍ക്കാരിന്‍റെ കടുത്ത നിയന്ത്രണവും മൂലം തീരദേശവാസികള്‍ നരകയാതനയിലൂടെ കടന്നുപോകുന്നു. കടലില്‍ പോകാനോ, മീന്‍ പിടിക്കാനോ, മീന്‍ വില്ക്കാനോ പറ്റാത്ത ഗുരുതരമായ സാഹചര്യമാണുള്ളത്. അവശ്യസാധനങ്ങള്‍ ലഭിക്കാതെ ജനങ്ങള്‍ വീര്‍പ്പുമുട്ടുന്നു. ചികിത്സയും ഭക്ഷണം പോലും കൃത്യമായി ലഭിക്കുന്നില്ലെന്നു പരാതികള്‍ പ്രവഹിക്കുന്നു.

നഗരപ്രദേശങ്ങളില്‍ നിത്യവും ജോലിക്കു പോയി ഉപജീവനം തേടുന്നവര്‍ക്ക് അതിനുള്ള അവസരം നിഷേധിക്കപ്പെട്ടു. പുറത്തുപോയി ജോലി ചെയ്യുന്നവര്‍ക്ക് വാഹനസൗകര്യം ഇല്ലാതായി. ശമ്പളമോ വരുമാനമോ ഇല്ലാതെ അവരും അക്ഷരര്‍ത്ഥത്തില്‍ ഞെരുങ്ങി ജീവിക്കുകയാണെന്ന് ഉമ്മന്‍ ചാണ്ടി ചൂണ്ടിക്കാട്ടി.

ട്രിപ്പിള്‍ ലോക്ഡൗണ്‍ പ്രഖ്യാപിച്ച തിരുവനന്തപുരം നഗരത്തിലും തീരദേശത്തും കര്‍ശന നിയന്ത്രണമുള്ള മറ്റു മേഖലകളിലും സര്‍ക്കാരിന്‍റെ അടിയന്തര ഇടപെടല്‍ ഉണ്ടാകണം. സൗജന്യ റേഷന്‍ വിതരണം ചെയ്യുക, ഒരു മാസത്തെ വിവിധ സാമൂഹിക ക്ഷേമപെന്‍ഷനുള്‍ വിതരണം ചെയ്യുക, മത്സ്യത്തൊഴിലാളി കുടുംബങ്ങള്‍ ഉള്‍പ്പെടെ വരുമാനം ലഭിക്കാത്ത എല്ലാ കുടുംബങ്ങള്‍ക്കും 1000 രൂപ വീതം ധനസഹായം നല്കുക എന്നീ ആവശ്യങ്ങള്‍ ഉടനടി നടപ്പാക്കണമെന്ന് ഉമ്മന്‍ ചാണ്ടി ആവശ്യപ്പെട്ടു.