പരാതിക്കാരിയുടെ കത്തില്‍ കേസെടുക്കാന്‍ അവസാന നിമിഷം യോഗം ; ഡിവൈഎസ്‌പിയുടെ ചോദ്യം എല്ലാം തകിടംമറിച്ചു  : ഉമ്മൻ ചാണ്ടി

Jaihind News Bureau
Monday, February 8, 2021

 

തിരുവനന്തപുരം: സോളാർ കേസില്‍ യുഡിഎഫ് നേതാക്കൾക്കെതിരെ കേസെടുക്കാൻ അവസാനം നിമിഷം വരെ എൽഡിഎഫ് സർക്കാർ ശ്രമിച്ചെന്ന് മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി. പരാതിക്കാരി നൽകിയ കത്തിൽ കേസെടുക്കുന്നത് തീരുമാനിക്കാൻ അവസാന നിമിഷം ഡിവൈഎസ്‌പി റാങ്കിനു മുകളിലുള്ളവരുടെ യോഗം ചേർന്നു. മാർക്സിസ്റ്റ് അനുകൂലികളായ അഭിഭാഷകരും യോഗത്തില്‍ പങ്കെടുത്തിരുന്നു. കേസെടുക്കണമെന്ന് എല്ലാവരും പറഞ്ഞപ്പോൾ, ഒരു പൊലീസ് ഉദ്യോഗസ്ഥൻ ഉന്നയിച്ച ചോദ്യമാണ് സർക്കാരിന്‍റെ പദ്ധതികൾ തകിടം മറിക്കാൻ കാരണമെന്നും അദ്ദേഹം ആരോപിച്ചു. പ്രമുഖ മാധ്യമത്തിനനുവദിച്ച അഭിമുഖത്തിലായിരുന്നു ഉമ്മന്‍ ചാണ്ടിയുടെ പ്രതികരണം.

‘സോളാർ പരാതിയിൽ കേസെടുക്കുന്നത് സംബന്ധിച്ച് മൂന്നു ഡിജിപിമാർ പരിശോധിച്ചിരുന്നു. കേസെടുക്കാൻ വകുപ്പില്ല എന്നാണ് അവർ കണ്ടെത്തിയത്. പിന്നീട് ഇതിനായി എസ്‌പി, ഡിവൈഎസ്‌പി റാങ്കിനു മുകളിലുള്ളവരുടെ യോഗം ചേർന്നു. മാർക്സിസ്റ്റ് അനുകൂലികളായ അഭിഭാഷകരും അതിൽ പങ്കെടുത്തിരുന്നു. ‘കേസെടുക്കണം’ എന്ന് അവർ ആ യോഗത്തിൽ നിർബന്ധിച്ചു പറഞ്ഞു. അപ്പോൾ ഒരു ഡിവൈഎസ്‌പി എഴുന്നേറ്റു നിന്ന് ‘അതു ചെയ്യാം. നിർദേശമായി എഴുതി തന്നാൽ മതി’ എന്നു പറഞ്ഞു. എഴുതി കൊടുത്താൽ പിന്നെ അതു ചെയ്‌തവർക്കാണല്ലോ ഉത്തരവാദിത്തം. അതോടെ ആ ശ്രമം പാളി’.- ഉമ്മന്‍ ചാണ്ടി പറഞ്ഞു.