മലപ്പുറം : ശരീരം തളർന്ന് ജീവിതം വഴിമുട്ടിയ കാലടി സ്വദേശി ഹസീന തന്റെ ദയനീയാവസ്ഥ പറയാനാണ് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയെ തേടിയെത്തിയത്. തവനൂരിലെ തെരഞ്ഞെടുപ്പ് പ്രചരണാർത്ഥം പെരുമ്പറമ്പിൽ എത്തിയപ്പോഴാണ് മുന്‍ മുഖ്യമന്ത്രിയെ കാണാന്‍ കാലടി മൂർച്ചറ കോലക്കാട്ട് സ്വദേശിനി ഹസീന എത്തിയത്. തെരഞ്ഞെടുപ്പ് തിരക്കിനിടെയും ഹസീനയുടെ നിസഹായാവസ്ഥ ശ്രദ്ധാപൂർവം കേട്ട അദ്ദേഹം തുടർചികിത്സയ്ക്ക് ആവശ്യമായ സഹായങ്ങള്‍ ഉറപ്പ് നല്കി.
ശരീരം മുഴുവനായും തളർന്ന് ജീവിതം വഴിമുട്ടിയ 46 കാരിയുടെ ദയനീയാവസ്ഥ തന്നെ നൊമ്പരപ്പെടുത്തിയെന്ന് ഉമ്മന്‍ ചാണ്ടി പറഞ്ഞു. 25 വർഷത്തോളമായി ശരീരം തളർന്ന് ചികിത്സയിലാണ് ഹസീന. ചികിത്സയ്ക്ക് ആവശ്യമുള്ള ഭീമമായ തുക കണ്ടെത്താൻ നിർധനരായ ഇവരുടെ കുടുംബത്തിന് കഴിവില്ല. ഹസീനയുടെ ദുരിതം മനസിലാക്കിയ ഉമ്മന്‍ ചാണ്ടി തുടർ ചികിത്സയ്ക്ക് ആവശ്യമായ സഹായങ്ങൾ ഒരുക്കാം എന്ന ഉറപ്പ് നൽകി.
യുഡിഎഫ് സർക്കാരിൻ്റെ ഭരണകാലത്ത് നടപ്പിലാക്കിയ ആരോഗ്യ- ക്ഷേമ-ചികിത്സാ പദ്ധതികളിലൂടെ ലഭിച്ച സഹായങ്ങളായിരുന്നു ഹസീനയുടെ ചികിത്സയ്ക്ക് ആശ്വാസമായിരുന്നത്. എന്നാൽ കഴിഞ്ഞ അഞ്ച് വർഷക്കാലമായി സർക്കാരിൻ്റെ ചികിത്സാ സഹായങ്ങളൊന്നും തനിക്ക് ലഭിക്കുന്നില്ലെന്ന് ഹസീന പറഞ്ഞു. എഴുന്നേറ്റു നടക്കാനുള്ള ഹസീനയുടെ സ്വപ്നങ്ങള്‍ക്ക് ചിറകേകുകയാണ് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ കാരുണ്യപൂർവമായ ഇടപെടല്‍.