വി.എം സുധീരന്‍ രാഷ്ട്രീയകാര്യ സമിതിയിൽ തുടരണം ; രാജി പിന്‍വലിക്കണമെന്ന് ഉമ്മന്‍ ചാണ്ടി

Jaihind Webdesk
Sunday, September 26, 2021

തൃശൂർ : വി.എം സുധീരനെ രാഷ്ട്രീയകാര്യ സമിതിയിൽ  തിരിച്ചുകൊണ്ടുവരണമെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. സുധീരൻ മാറി നിൽക്കുന്നത് ശരിയല്ല. നേതാക്കൾ ഇടപെട്ട് സുധീരനെ വേദനിപ്പിച്ചതിന്‍റെ കാരണം കണ്ടെത്തി പരിഹാരം കാണണമെന്നും രാജി പിന്‍വലിപ്പിക്കണമെന്നും അദ്ദേഹം തൃശൂരില്‍ പറഞ്ഞു.

അതേസമയം പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ വി.എം സുധീരനുമായി ചര്‍ച്ച നടത്തി. തിരുവനന്തപുരത്തെ വീട്ടിലായിരുന്നു കൂടിക്കാഴ്ച. രാഷ്ട്രീയകാര്യസമിതിയിലും പാര്‍ട്ടിയിലും സുധീരന്റെ സാന്നിധ്യം അനിവാര്യമാണെന്ന് വി.ഡി. സതീശന്‍ മാധ്യമങ്ങളോട് പറഞ്ഞു.

വി.എം സുധീരന്റെ മാര്‍ഗ്ഗനിര്‍ദേശങ്ങള്‍ സ്വീകരിക്കും. സംഘടനാപരമായ കാര്യങ്ങള്‍ അദ്ദേഹവുമായി സംസാരിച്ചു. രാജി തീരുമാനത്തില്‍ സുധീരന് വ്യക്തമായ നിലപാടുകളുണ്ട്. നേതൃത്വത്തിന് ചില വീഴ്ചകളുണ്ടായി. അവ പരിഹരിച്ച് മുന്നോട്ടുപോകുമെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.

സുധീരനുമായി ചര്‍ച്ച നടത്തുമെന്ന് കെപിസിസി അധ്യക്ഷന്‍ കെ.സുധാകരന്‍ എം.പിയും പറഞ്ഞു. രാജി പിന്‍വലിക്കണമെന്ന് ആവശ്യപ്പെടും. അഭിപ്രായവ്യത്യാസങ്ങളുണ്ടെങ്കില്‍ പരിഹരിക്കും. വി.എം സുധീരനെ ഉള്‍ക്കൊണ്ട് മുന്നോട്ടുപോകണമെന്നാണ് എക്കാലവും കോണ്‍ഗ്രസ് നേതൃത്വം ആഗ്രഹിക്കുന്നതെന്നും അദ്ദേഹം തിരുവനന്തപുരത്ത് മാധ്യമങ്ങളോട് പറഞ്ഞു. സുധീരനുമായി ചര്‍ച്ച നടത്തുമെന്ന് എഐസിസി ജന.സെക്രട്ടറി താരിഖ് അന്‍വറും പറഞ്ഞു. മുതിർന്ന നേതാക്കളുമായും ചർച്ച നടത്തും. തർക്കങ്ങള്‍ പരിഹരിച്ച് മുന്നോട്ടുപോകുമെന്നും അദ്ദേഹം പറഞ്ഞു.