വിഴിഞ്ഞം പദ്ധതി ആരോപണം : സത്യം ജയിച്ചെന്ന് ഉമ്മന്‍ ചാണ്ടി

വിഴിഞ്ഞം പദ്ധതി ആരോപണത്തിൽ സത്യം ജയിച്ചുവെന്ന് കോൺഗ്രസ് പ്രവർത്തക സമിതി അംഗം ഉമ്മൻചാണ്ടി. കേരളത്തിന്‍റെ ആവശ്യമാണ് വിഴിഞ്ഞം തുറമുഖം. ആരെയും കുറ്റപ്പെടുത്താനില്ലെന്നും സോളാർ റിപ്പോർട്ടും വിഴിഞ്ഞം റിപ്പോർട്ടും സർക്കാർ കൈകാര്യം ചെയ്തത് താരതമ്യം ചെയ്യണമെന്നും ഉമ്മൻ ചാണ്ടി പറഞ്ഞു.

ഉമ്മൻ ചാണ്ടി സർക്കാരിന് ക്ലീൻ ചിറ്റ് നൽകുന്ന വിഴിഞ്ഞം ജുഡീഷ്യൽ കമ്മീഷൻ റിപ്പോർട്ട് നിയമസഭാ സമ്മേളനത്തിന്‍റെ അവസാന ദിവസമാണ് സഭയുടെ മേശപ്പുറത്ത് വെച്ചത്. വിഴിഞ്ഞം പദ്ധതിയിൽ മുഖ്യമന്ത്രി പിണറായി വിജയനും മുൻ മുഖ്യമന്ത്രി വി.എസ് അച്യുതാനന്ദനും വൻ അഴിമതി ആരോപിച്ചിരുന്നു.

എന്നാല്‍ വിഴിഞ്ഞം തുറമുഖ നിർമ്മാണ പദ്ധതിയുമായി ബന്ധപ്പെട്ട് അഴിമതിയും രാഷ്ട്രീയ ദുരുപയോഗവും നടന്നിട്ടില്ലെന്ന് റിപ്പോർട്ട് വ്യക്തമാക്കുന്നു. അഴിമതി ഉണ്ടെന്ന സർക്കാർ വാദവും കമ്മീഷന്‍ തള്ളി. എ.ജിയുടെ അഭിപ്രായം ലഭിച്ച ശേഷം തുടർനടപടി സ്വീകരിക്കാമെന്നാണ് റിപ്പോർട്ടിൽ ഉള്ളത്. വിഷയം സഭയിൽ ചർച്ച ചെയ്യാതിരിക്കാൻ ബോധപൂർവമായ നീക്കമാണ് സർക്കാരിന്‍റെ ഭാഗത്തുനിന്നും ഉണ്ടായത്. അഴിമതി കണ്ടെത്താതിനാൽ സർക്കാർ വിഷയത്തിൽ നിന്നും ഒളിച്ചോടി. സോളാർ തട്ടിപ്പ് വിഷയം സംബന്ധിച്ച് ജുഡീഷ്യൽ കമ്മീഷൻ റിപ്പോർട്ട് ചർച്ച ചെയ്യാൻ പ്രത്യേക നിയമസഭാ സമ്മേളനം വിളിച്ചുചേർത്ത സർക്കാരാണ് വിഴിഞ്ഞം റിപ്പോർട്ട് ആരുമറിയാതെ സമർപ്പിച്ച് തടിതപ്പിയത്.

കഴിഞ്ഞ യു.ഡി.എഫ് സർക്കാരിന്‍റെ കാലത്തെ വിഴിഞ്ഞം തുറമുഖ കരാറിലൂടെ സംസ്ഥാനത്തിന് നഷ്ടമുണ്ടായെന്ന സി.എ.ജി റിപ്പോർട്ടിനെ തുടർന്നാണ് ജസ്റ്റിസ് സി.എൻ രാമചന്ദ്രൻ നായർ കമ്മീഷനെ ഇടതുസർക്കാർ നിയോഗിച്ചത്. കഴിഞ്ഞ ഡിസംബറിൽ കമ്മീഷൻ റിപ്പോർട്ട് സമർപ്പിച്ചെങ്കിലും അത് പുറത്തുവിടാൻ സർക്കാർ തയാറായില്ല. ലോക്സഭാ തെരഞ്ഞടുപ്പ് മുന്നിൽക്കണ്ട് കമ്മീഷൻ കാലാവധി നീട്ടി നൽകാൻ, അവർ ആവശ്യപ്പെടാതെ തന്നെ സർക്കാർ നീക്കം നടത്തിയിരുന്നു. എന്നാൽ കാലാവധിക്ക് മുമ്പ് കമ്മീഷൻ റിപ്പോർട്ട് സമർപ്പിച്ചു. ആരോപണങ്ങളെല്ലാം പൊളിഞ്ഞതോടെ ഉമ്മന്‍ ചാണ്ടി സർക്കാരിന് ക്ലീന്‍ ചിറ്റ് നല്‍കിക്കൊണ്ടുള്ള ജുഡീഷ്യല്‍ കമ്മീഷന്‍ റിപ്പോർട്ട് ആരുമറിയാതെ നിയമസഭയുടെ മേശപ്പുറത്ത് വെച്ച് തടിയൂരുകയാണ് പിണറായി സര്‍ക്കാര്‍ ചെയ്തത്.

oommen chandyvizhinjam project
Comments (0)
Add Comment