വിഎസ് നല്‍കുന്ന പണം സമൂഹ നന്മയക്ക് ഉപയോഗിക്കും : ഉമ്മൻചാണ്ടി

Jaihind Webdesk
Wednesday, January 26, 2022

കോട്ടയം:  വിഎസ് അച്യുതാനന്ദനിൽ നിന്ന് കോടതി വിധിച്ച നഷ്ടപരിഹാരം ലഭിച്ചാൽ തുക സ്വന്തം ആവശ്യങ്ങൾക്ക് ഉപയോഗിക്കില്ലെന്ന് മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി. കിട്ടുന്ന പത്ത് ലക്ഷം രൂപ സമൂഹ നന്മയ്ക്കായി ഉപയോഗിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി. സോളാർ കേസില്‍ വിഎസിനെതിരെ ഉമ്മന്‍ചാണ്ടി നല്‍കിയ മാനനഷ്ട കേസിലാണ് അച്യുതാനന്ദന്‍ 10 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണമെന്ന് കോടതി വിധിച്ചത്.

കേസിന് പോകാൻ ആഗ്രഹിച്ചതല്ല. ആരോപണം നിഷേധിച്ചപ്പോൾ അതെല്ലാവരും പറയണതല്ലേ, നിയമനടപടിക്ക് എന്തുകൊണ്ട് പോകുന്നില്ലെന്ന് പലഭാഗങ്ങളിൽ നിന്നും ചോദ്യം വന്നു. അതുകൊണ്ടാണ് കോടതിയെ സമീപിച്ചതെന്ന് ഉമ്മൻചാണ്ടി പറഞ്ഞു.

‘ആരോപണങ്ങൾ മാനസികമായി വേദനിപ്പിച്ചു.എങ്കിലും എനിക്ക് ഒരു ശക്തി തരുന്നതെന്താണെന്നുവച്ചാൽ, സത്യം ജയിക്കും. തെറ്റ് ചെയ്തിട്ടില്ലെങ്കിൽ ഒരു കുഴപ്പവും സംഭവിക്കില്ല. ഇത് എന്‍റെ ജീവിതത്തിൽ ഒട്ടാകെ എനിക്ക് പൂർണമായിട്ടും ബോദ്ധ്യപ്പെട്ടിട്ടുള്ള കാര്യമാണ്. യാഥാർത്ഥ്യമായിട്ടുള്ള കാര്യമാണ്. അതുകൊണ്ട് എന്ത് വന്നാലും ഇതൊക്കെ ഇന്നത്തേക്കേ ഉള്ളൂവെന്ന വിശ്വാസമുണ്ട്. ഞാനൊരു ദൈവവിശ്വാസിയാണ്.’-ഉമ്മൻചാണ്ടി പറഞ്ഞു.