ആത്മാർത്ഥതയുള്ള പൊതുപ്രവർത്തകൻ, വിയോഗം പ്രസ്ഥാനത്തിന് നികത്താനാകാത്ത നഷ്ടം’ ; അനുശോചിച്ച് ഉമ്മൻ ചാണ്ടി

Jaihind Webdesk
Thursday, April 29, 2021

തിരുവനന്തപുരം :  മലപ്പുറം ഡി.സി.സി പ്രസിഡന്‍റും നിലമ്പൂരിലെ യു.ഡി.എഫ് സ്ഥാനാര്‍ഥിയുമായ വി.വി പ്രകാശിന്‍റെ നിര്യാണത്തില്‍ അനുശോചിച്ച് മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി. അര്‍പ്പണബോധത്തോടെ പ്രസ്ഥാനത്തിനുവേണ്ടി പൊതുപ്രവര്‍ത്തന രംഗത്ത് നിറഞ്ഞുനിന്ന ആത്മാര്‍ത്ഥതയുള്ള പൊതുപ്രവര്‍ത്തകനെയാണ് വി.വി പ്രകാശിന്‍റെ അകാല വിയോഗത്തിലൂടെ നഷ്ടമായതെന്ന് അദ്ദേഹം പറഞ്ഞു.

‘പ്രകാശിന്‍റെ വിയോഗം പ്രസ്ഥാനത്തിന് നികത്താനാവാത്ത നഷ്ടമാണ്. മലപ്പുറം ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി അധ്യക്ഷന്‍ എന്ന നിലയില്‍ അദ്ദേഹം നടത്തിയ പ്രവര്‍ത്തനം അഭിനന്ദനാര്‍ഹമായിരുന്നു.

കെ.എസ്.യു-യൂത്ത് കോണ്‍ഗ്രസ് സംഘടനാരംഗത്തു നിന്ന് കടന്നുവന്ന അദ്ദേഹത്തെ എനിക്ക് അടുത്തുനിന്ന് കാണാനും മനസ്സിലാക്കാനും സാധിച്ചിട്ടുണ്ട്. അദ്ദേഹത്തെ പ്രസ്ഥാനം ഏല്‍പ്പിച്ച ഉത്തരവാദിത്വങ്ങളില്‍ നൂറ് ശതമാനം ആത്മാര്‍ത്ഥമായി നിറവേറ്റി. സഹപ്രവര്‍ത്തകരോടും പൊതുജനങ്ങളോടും പ്രസ്ഥാനത്തോടും അദ്ദേഹം കാണിച്ച ആത്മാര്‍ത്ഥത മാതൃകാപരമാണ്.

കുടുംബത്തിന്‍റെ അഗാധമായ ദുഃഖത്തില്‍ പങ്കുചേരുന്നു. വി.വി പ്രകാശിന്‍റെ ജ്വലിക്കുന്ന ഓര്‍മ്മകള്‍ക്ക് മുന്നില്‍ ആദരാഞ്ജലികള്‍…’- ഉമ്മൻ ചാണ്ടി ഫേസ് ബുക്ക് കുറിപ്പിൽ പറഞ്ഞു.