പ്രളയത്തിന്‍റെ പശ്ചാത്തലത്തില്‍ മന്ത്രിമാരുടെ വിദേശയാത്ര നീട്ടിവെക്കണം: ഉമ്മന്‍ചാണ്ടി

പ്രളയ ദുരിതാശ്വാസത്തിനുള്ള ധനശേഖരണാർഥം മന്ത്രിമാർ വിദേശത്ത് പോകുന്നത് നീട്ടിവെക്കണമെന്ന് കോൺഗ്രസ് പ്രവർത്തക സമിതിയംഗം ഉമ്മൻചാണ്ടി. ഇക്കാര്യം ആവശ്യപ്പെട്ട് ഉമ്മൻചാണ്ടി മുഖ്യമന്ത്രിക്ക് കത്ത് നൽകി. മന്ത്രിമാരുടെ സാന്നിധ്യവും നേതൃത്വവും ജില്ലകളിൽ വേണ്ട സമയമാണ് ഇതെന്നും അദ്ദേഹം ഫേസ്ബുക്കിൽ വ്യക്തമാക്കി.

ക്യാമ്പുകളിൽ നിന്ന് ആളുകൾ മടങ്ങിയതോടെ ദുരിതാശ്വാസ പ്രവർത്തനം നിലച്ചമട്ടാണ്. എന്നാൽ യുദ്ധകാലാടിസ്ഥാനത്തിൽ മന്ത്രിമാരുടെ നേതൃത്വത്തിൽ ജില്ലയിലെ മുഴുവൻ ജനപ്രതിനിധികളെയും ഉൾപ്പെടുത്തി ശുചീകരണ, കുടിവെള്ള, ആരോഗ്യസുരക്ഷാ പദ്ധതികൾക്കു തീവ്രയജ്ഞം ഉണ്ടാകേണ്ട സമയമാണിത്. ദുരിതബാധിതർക്ക് നൽകാൻ സർക്കാർ ഉത്തരവായ 10,000 രൂപ അർഹരായ മുഴുവൻ കുടുംബങ്ങൾക്കും നൽകണം. വെള്ളക്കെട്ടും മണ്ണിടിച്ചിലും മൂലം ദുരിതത്തിലായ കുടുംബങ്ങൾക്കു മാത്രമേ സർക്കാർ ഉത്തരവ് പ്രകാരം പണം ലഭിക്കുകയുള്ളു. ഈ വ്യവസ്ഥ നടപ്പാക്കിയാൽ പ്രളയം മൂലം ദുരിതം അനുഭവിച്ച വലിയൊരു വിഭാഗത്തിന് ആനുകൂല്യം ലഭിക്കില്ല.

ഇലക്ട്രോണിക്സ് സാധനങ്ങൾ ഉൾപ്പെടെയുള്ള വീട്ടുപകരണങ്ങൾ നഷ്ടപ്പെട്ടവർക്ക് ആനുപാതികമായ നഷ്ടപരിഹാരം നൽകണം. സാധാരണ മഴക്കാലത്തുപോലും നൽകുന്ന സൗജന്യ റേഷൻ ഇതുവരെ കൊടുത്തിട്ടില്ല. കാർഷിക മേഖലയുടെ പുനരുദ്ധാരണവും കർഷകർക്കുള്ള സഹായവും അടിയന്തര പ്രാധാന്യത്തോടെ നടപ്പാക്കണം. കർഷകരുടെ അഞ്ചുലക്ഷം രൂപ വരെയുള്ള വായ്പ എഴുതിത്തള്ളണം. വ്യാപാരികൾക്കുള്ള നഷ്ടത്തിന്റെ ഒരു ഭാഗം സർക്കാർ നൽകുകയും ബാക്കി തുകയ്ക്ക് ഉദാരമായ ബാങ്ക് വായ്പ ലഭ്യമാക്കുകയും വേണം.

ചില ദുരിതാശ്വാസ ക്യാംപുകളിൽ അന്ധമായ രാഷ്ട്രീയം കടന്നുവന്നു. ദുരിതബാധിതർക്കു വേണ്ടി സമാഹരിച്ച സാധനങ്ങൾ ചിലർ കടത്തുകയും ചിലയിടങ്ങളിൽ വിതരണം ചെയ്യാൻപോലും കഴിയാതെ വന്നതും ഒഴിവാക്കേണ്ടതായിരുന്നുവെന്നും അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു.

oommen chandykerala floods
Comments (0)
Add Comment