ഇരിക്കൂര്‍ ചര്‍ച്ച തുടരുമെന്ന് ഉമ്മന്‍ ചാണ്ടി

Jaihind News Bureau
Saturday, March 20, 2021

തിരുവനന്തപുരം: ഇരിക്കൂറിലെ പ്രശ്നങ്ങള്‍ പരിഹരിക്കാനുള്ള ചര്‍ച്ചകള്‍ പൂര്‍ത്തിയായിട്ടില്ലെന്നും കുറച്ച് സമയം കൂടി വേണ്ടിവരുമെന്നും മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. എല്ലാ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കും തൃപ്തികരമായ പരിഹാരം ഉണ്ടാക്കാനുള്ള ശ്രമം തുടരും.

സ്ഥാനാര്‍ത്ഥി നിര്‍ണയവുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍മൂലം ഇരിക്കൂര്‍ മണ്ഡലത്തിലും കണ്ണൂര്‍ ജില്ലയിലും തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ സജീവമായിട്ടില്ല. ഒരു വിഭാഗം നേതാക്കള്‍ പാര്‍ട്ടി പദവികള്‍ രാജിവച്ചിരിക്കുകയുമാണ്. അവരുടെ പ്രയാസങ്ങള്‍ താന്‍ നേരിട്ട് മനസ്സിലാക്കിയിട്ടുണ്ട്. ഈ സാഹചര്യത്തില്‍ രാജി തീരുമാനം പിന്‍വലിച്ചു തെരഞ്ഞെടുപ്പ് രംഗത്ത് സജീവമാകാന്‍ എല്ലാ സഹപ്രവര്‍ത്തകരോടും ഉമ്മന്‍ ചാണ്ടി അഭ്യര്‍ത്ഥിച്ചു.

യുഡിഎഫ് സര്‍ക്കാര്‍ അധികാരത്തിലെത്തുക എന്നതാണ് നമ്മുടെ മുന്നിലുള്ള പ്രഥമ പരിഗണന. അതുകൊണ്ട് മറ്റെല്ലാ അഭിപ്രായ വ്യത്യാസവും മാറ്റിവെച്ചു എല്ലാവരും സജീവമായി രംഗത്തു വരണം. ഇരിക്കൂറിലെ പ്രശ്നങ്ങള്‍ ഇന്നലെ കണ്ണൂരില്‍ വച്ച് സോണി സെബാസ്റ്റ്യന്‍ ഉള്‍പ്പെടെയുള്ള നേതാക്കളുമായി ചര്‍ച്ച ചെയ്തു.

കെപിസിസി വര്‍ക്കിംഗ് പ്രസിഡന്റ് കെ.സുധാകരന്‍ എംപി, കെസി ജോസഫ് എംഎല്‍എ, സണ്ണി ജോസഫ് എംഎല്‍എ, ഡിസിസി പ്രസിഡന്റ് സതീശന്‍ പാച്ചേനി എന്നിവരുമായും ആശയവിനിമയം നടത്തി. തുടര്‍ന്ന് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, എഐസിസി ജനറല്‍ സെക്രട്ടറി കെസി വേണുഗോപാല്‍ തുടങ്ങിയവരുമായും ഇന്ന് രാവിലെ ചര്‍ച്ച നടത്തിയിരുന്നു. പ്രശ്‌ന പരിഹാരത്തിനുള്ള ശ്രമം തുടരുമെന്ന് ഉമ്മന്‍ ചാണ്ടി അറിയിച്ചു.