സാലറി ചാലഞ്ചിന്‍റെ തുടര്‍നടപടികള്‍ സര്‍ക്കാര്‍ ഉപേക്ഷിക്കണം: ഉമ്മന്‍ ചാണ്ടി

ജി.എസ്.ടിയിൽ പ്രളയ സെസ് ഈടാക്കാൻ തീരുമാനിച്ച സ്ഥിതിക്ക് സാലറി ചലഞ്ചിന്‍റെ തുടർ നടപടികൾ സർക്കാർ ഉപേക്ഷിക്കണമെന്ന് മുൻമുഖ്യമന്ത്രി ഉമ്മൻ ചാണ്ടി ആവശ്യപ്പെട്ടു. കൊച്ചിയിൽ കേരള ഗസറ്റഡ് ഓഫീസേഴ്‌സ് യൂണിയൻ സംസ്ഥാന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

പ്രളയദുരിതാശ്വാസ പ്രവർത്തനങ്ങളിൽ സർക്കാർ ജീവനക്കാരും ആത്മാർഥതയോടെ പങ്കെടുത്തുവെന്ന് ഉമ്മൻ ചാണ്ടി ഓർമിപ്പിച്ചു. പ്രളയ സെസ് ജീവനക്കാരെയും ബാധിക്കുന്നതാണ്. അതുകൊണ്ട് ഇനിയും അധികഭാരം അടിച്ചേൽപിക്കരുതെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

സർക്കാരിന്‍റെ ഭരണപരാജയം ജീവനക്കാരുടെ മേൽ കെട്ടിവെക്കുന്നതാണ് എൽ.ഡി.എഫ് നയമെന്ന് ഉമ്മൻ ചാണ്ടി ആരോപിച്ചു. ശമ്പള കമ്മീഷൻ നടപടികൾ താമസിപ്പിച്ച് അധികഭാരം അടുത്ത സർക്കാരിനെ ഏൽപിക്കാനാണ് ഇടതുസർക്കാർ ലക്ഷ്യമിടുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

മുൻ മന്ത്രിമാരായ കെ ബാബു, ഡൊമിനിക് പ്രസന്‍റേഷൻ, എംഎൽഎമാരായ പി.ടി തോമസ്, ഹൈബി ഈഡൻ, വി.പി സജീന്ദ്രൻ, മുൻ എം.പി കെ.പി ധനപാലൻ, ഡി.സി.സി പ്രസിഡന്‍റ് ടി.ജെ.വിനോദ് തുടങ്ങിയവരും സംസാരിച്ചു. കെ.ജി.ഒ.യു സംസ്ഥാന പ്രസിഡന്‍റ് എസ് അജയൻ അധ്യക്ഷനായിരുന്നു. രണ്ട് ദിവസങ്ങളിലായി എറണാകുളം ടൗൺ ഹാളിൽ നടക്കുന്ന സമ്മേളനം നാളെ സമാപിക്കും.

kgou state meetoommen chandy
Comments (0)
Add Comment