ഉമ്മന്‍ ചാണ്ടിയുടെ ഇടപെടല്‍ തുണയായി; മുംബൈയില്‍ മരണപ്പെട്ട മലയാളി യുവാവിന്‍റെ  മൃതദേഹം നാട്ടിലെത്തിച്ചു

Jaihind News Bureau
Thursday, May 14, 2020

ഹൃദയാഘാതത്തെ തുടര്‍ന്ന് മുംബൈയില്‍ മരണപ്പെട്ട മലയാളി യുവാവിന്‍റെ  മൃതദേഹം മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ ഇടപെടലിനെ തുടര്‍ന്ന് നാട്ടിലെത്തിച്ചു. അങ്കമാലി സ്വദേശി അനൂപ് കുമാറിന്‍റെ മൃതദേഹമാണ്  ഉമ്മന്‍ ചാണ്ടിയുടെ ഇടപെടലിനെ തുടര്‍ന്ന് നാട്ടിലെത്തിച്ചത്.

മെയ് 8ന് മരണപ്പെട്ട അനൂപ് കുമാറിന്‍റെ മൃതദേഹം കൊവിഡ് പരിശോധന ഫലം ലഭിക്കുന്നതിനായി ദിവസങ്ങളോളം മുംബൈയിലെ കാന്തിവലി ശതാബ്ദി ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയായിരുന്നു. വിഷയം അനൂപിന്‍റെ ബന്ധുക്കള്‍ ഉമ്മന്‍ ചാണ്ടിയുടെ ശ്രദ്ധയില്‍ കൊണ്ടുവന്നതോടെയാണ് അനിശ്ചിതത്വങ്ങള്‍ക്ക് വിരാമമായത്.

മഹാരാഷ്ട്ര പ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റി സെക്രട്ടറി ജോജോ തോമസുമായി ഉമ്മന്‍ ചാണ്ടി ബന്ധപ്പെടുകയും എത്രയും പെട്ടെന്ന് മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടികള്‍ സ്വീകരിക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. തുടർന്ന് വിഷയത്തില്‍ പി.സി.സി  നേതൃത്വം  ഇടപെട്ടതോടെ കാര്യങ്ങള്‍ വേഗത്തിലായി. പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ പൂർത്തിയാക്കി മൃതദേഹം നാട്ടിലേക്ക് അയക്കുകയും ചെയ്തു.