തേജസിന് ഇനി സ്വന്തം ഭവനം; ഗാന്ധി ഗ്രാം പദ്ധതിയിലെ ആദ്യ ഭവനത്തിന്‍റെ താക്കോല്‍ ഉമ്മൻ ചാണ്ടി കൈമാറി

കൊല്ലം ചിതറയിലെ ഗാന്ധി ഗ്രാമത്തിലെ നിർമ്മാണം പൂർത്തിയായ ആദ്യ ഭവനം മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി കൈമാറി. ഭിന്ന ശേഷിക്കാരനായ തേജസിനാണ് ഗാന്ധി ഗ്രാം പദ്ധതിയിലെ ആദ്യ വീട് ലഭിച്ചത്.

നിർധനരും നിരാലമ്പരുമായ ഇരുപതോളം കുടുംബങ്ങൾക്കാണ് കൊല്ലം ചിതറയിലെ ഗാന്ധി ഗ്രാമിൽ ഭവനങ്ങൾ ഒരുക്കുന്നത്. ഭൂമിയും, വീടുമില്ലാത്തവർക്കു വേണ്ടി സ്വന്തം ഭൂമി വിട്ട് നൽകി നേരത്തെ മാതൃക കാട്ടിയ മുൻ യൂത്ത് കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്‍റ് നിയാസ് ഭാരതിയാണ് ഗാന്ധി ഗ്രാം പദ്ധതിയ്ക്കു ചുക്കാൻ പിടിക്കുന്നത്. ഗാന്ധി ഗ്രാമിന്‍റെ ആദ്യ ഭവനത്തിന്‍റെ താക്കോൽ ഭിന്നശേഷിക്കാരനായ തേജസിന് മുൻമുഖ്യമന്ത്രി ഉമ്മൻ ചാണ്ടി കൈ മാറി.

തന്‍റെ ഉടമസ്ഥതയിലുളള ഒരേക്കർ പത്ത് സെന്‍റ് ഭൂമിയാണ് പദ്ധതിക്കായി നിയാസ് ഭാരതി നൽകിയിരിക്കുന്നത്. അങ്കൻവാടി, വായനശാല, പൊതു ആരാധനാലയം, മഴവെള്ള സംഭരണി, മാലിന്യ നിർമാർജന യൂണിറ്റ്, തൊഴിൽ പരിശീലനകേന്ദ്രം, സൗരോർജ പ്ലാന്‍റ് എന്നിവയൊക്കെ ഭവന നിർമാണത്തോടൊപ്പം ഗാന്ധി ഗ്രാമിൽ ഒരുക്കുവാനാണ് ലക്ഷ്യമിട്ടിരിക്കുന്നത്

സർക്കാരിന്‍റെയും സുമനസ്സുകളുടെയും വിവിധ ഏജൻസികളുടെയും പിന്തുണയോടെ മാതൃകാ ഭവന നിർമ്മാണ പദ്ധതിയായി ഗാന്ധി ഗ്രാമിനെ വിജയപഥത്തിൽ എത്തിക്കുവാനുള്ള ശ്രമങ്ങളാണ് ചിതറയിൽ നടന്നു വരുന്നത്.

https://youtu.be/fmnvh6Uh_0I

Comments (0)
Add Comment