നിരക്ക് കൂട്ടാതെ കെഎസ്ഇബി മലയാളികളെ ഷോക്കടിപ്പിച്ചു; ഉപയോക്താക്കള്‍ക്ക് നീതി നല്‍കണമെന്ന് ഉമ്മന്‍ ചാണ്ടി

Jaihind News Bureau
Thursday, June 11, 2020

Oommen-Chandy

 

നിരക്കു കൂട്ടാതെ തന്നെ കൊവിഡ് കാലത്ത് വൈദ്യുതി ബോര്‍ഡ് ജനങ്ങളെ ഷോക്കടിപ്പിച്ചുവെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. ലോക്ഡൗണ്‍ കാലത്ത് ലാഭം കൊയ്ത അപൂര്‍വം സ്ഥാപനമാണ് വൈദ്യുതി ബോര്‍ഡ്. ബിപിഎല്ലുകാരുടെ കൈയ്യില്‍ നിന്നും പിടിച്ചുവാങ്ങിയ അമിതതുകയെങ്കിലും ബോര്‍ഡ് അവര്‍ക്ക് തിരിച്ചുനല്‍കണമെന്നും അദ്ദേഹം ഫേസ്ബുക്ക് കുറിപ്പിലൂടെ ആവശ്യപ്പെട്ടു.

‘ലോക്ഡൗണ്‍ കാലത്ത് ലാഭം കൊയ്ത അപൂര്‍വം സ്ഥാപനമാണ് വൈദ്യുതി ബോര്‍ഡ്. സാധാരണഗതിയില്‍ ഒരു ദിവസത്തെ മൊത്തം ഉപഭോഗം 7.5 കോടി യൂണിറ്റാണെങ്കില്‍ ഡോക്ഡൗണ്‍ കാലത്ത് ഗാര്‍ഹിക ഉപഭോഗം മാത്രം ഏഴു കോടിയോളമായിരുന്നു. വന്‍ ലാഭം കൊയ്ത വൈദ്യുതി ബോര്‍ഡ് ബിപിഎല്ലുകാരുടെ കയ്യില്‍ നിന്നു പിടിച്ചു വാങ്ങിയ അമിതതുകയെങ്കിലും അവര്‍ക്ക് തിരിച്ചു നല്കണം. ഉപയോക്താക്കള്‍ക്ക് നീതി നല്‍കണം’-ഉമ്മന്‍ ചാണ്ടി കുറിച്ചു.

ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണരൂപം

വൈദ്യുതി ബോര്‍ഡ് നിരക്ക് കൂട്ടുമ്പോഴൊക്കെ ഷോക്കടിപ്പിച്ചു എന്നാണ് മാധ്യമങ്ങള്‍ വിശേഷിപ്പിക്കാറുള്ളത്. എന്നാല്‍ നിരക്കു കൂട്ടാതെ തന്നെ ഷോക്കടിപ്പിച്ചു എന്നതാണ് കോവിഡ് കാലത്ത് വൈദ്യുതി ബോര്‍ഡിന്റെ പ്രത്യേകത.

ബോര്‍ഡിന്റെ അനാസ്ഥയും കെടുകാര്യസ്ഥതയും മാത്രമാണ് അതിനു കാരണം.

ബസ് ചാര്‍ജ്, മദ്യത്തിന്റെ വില തുടങ്ങി കൂട്ടാവുന്നതൊക്കെ കൂട്ടുന്നതിനിടയ്ക്കാണ് വൈദ്യുതിക്ക് കൂടിയ നിരക്ക് അടിച്ചേല്പിച്ചത്.

ലോക്ഡൗണും കടുത്ത സാമ്പത്തിക പ്രതിസന്ധിയും മൂലം ആളുകള്‍ നട്ടംതിരിയുമ്പോഴാണ് വെള്ളിടിപോലെ ഈ നിരക്ക് വന്നത്.

ഇത് ഏറ്റവും കൂടുതല്‍ ബാധിച്ചത് പാവപ്പെട്ടവരെയാണ്. മൊത്തം 1.37 കോടി ഉപയോക്താക്കളില്‍ വലിയൊരു വിഭാഗം പാവപ്പെട്ടവരാണ്. 240 യൂണിറ്റില്‍ താഴെ ഉപയോഗിക്കുന്ന ഇവര്‍ക്ക് സബ്‌സിഡി നിരക്കാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്.

എന്നാല്‍ കോവിഡുമൂലം റീഡിംഗ് എടുക്കാന്‍ വൈകിയതുകൊണ്ട് പാവപ്പെട്ടവരുടെ വൈദ്യുതി ഉപയോഗം 240 യൂണിറ്റിനു മുകളിലാകുകയും സബ്‌സിഡി നഷ്ടപ്പെട്ട അവര്‍ക്ക് കൂടിയ നിരക്കിലുള്ള വൈദ്യുതി ചാര്‍ജ് അടക്കേണ്ടി വരുകയും ചെയ്തു.

മറ്റു സ്ലാബുകളില്‍ ഉള്ളവര്‍ക്കും കൂടിയ സ്ലാബുകളിലുള്ള നിരക്കില്‍ വൈദ്യുതി നിരക്ക് അടക്കേണ്ടി വന്നു. ലോക്ഡൗണ്‍ കാലത്ത് ശരാശരി ബില്‍ തുക കൂട്ടിയപ്പോഴും നിരവധി പേര്‍ക്ക് സബ്‌സിഡി നഷ്ടപ്പെടുകയും അവര്‍ കൂടിയ സ്ലാബുകളിലേക്കു മാറുകയും ചെയ്തു.

ബോര്‍ഡ് റീഡിംഗ് എടുക്കാന്‍ വൈകിയതു ശിക്ഷ ലഭിച്ചത് ഇന്നാട്ടിലെ പാവപ്പെട്ടവര്‍ക്കാണ്. കംപ്യൂട്ടറില്‍ ബില്‍ റീസെറ്റ് ചെയ്ത് അനായാസം പരിഹരിക്കാവുന്ന പ്രശ്‌നമാണിത്.

വൈദ്യുതി ബോര്‍ഡിന്റെ സെക്ഷന്‍ ഓഫീസില്‍ ചെന്നാല്‍ എല്ലാം ശരിയാകുമെന്നാണ് ബോര്‍ഡ് പറയുന്നത്. ആളുകള്‍ അവിടെ ക്യൂ നില്ക്കുകയാണ്. എന്നാല്‍ കംപ്യൂട്ടറൈസ്ഡ് ബില്ലിലെ സങ്കീര്‍ണമായ കണക്കുകളും മറ്റും ചൂണ്ടിക്കാട്ടി ഉപയോക്താക്കളെ പറഞ്ഞുവിടുകയാണു ചെയ്യുന്നത്.

ലോക്ഡൗണ് കാലത്ത് ലാഭം കൊയ്ത അപൂര്‍വം സ്ഥാപനമാണ് വൈദ്യുതി ബോര്‍ഡ്. സാധാരണഗതിയില്‍ ഒരു ദിവസത്തെ മൊത്തം ഉപഭോഗം 7.5 കോടി യൂണിറ്റാണെങ്കില്‍ ഡോക്ഡൗണ്‍ കാലത്ത് ഗാര്‍ഹിക ഉപഭോഗം മാത്രം ഏഴു കോടിയോളമായിരുന്നു.

വന്‍ ലാഭം കൊയ്ത വൈദ്യുതി ബോര്‍ഡ് ബിപിഎല്ലുകാരുടെ കയ്യില്‍ നിന്നു പിടിച്ചു വാങ്ങിയ അമിതതുകയെങ്കിലും അവര്‍ക്ക് തിരിച്ചു നല്കണം.

ഉപയോക്താക്കള്‍ക്ക് നീതി നല്കണം.