‘ഉമ്മൻചാണ്ടിക്ക് പകരമാവില്ലെന്നറിയാം എന്നാലും’; അദ്ദേഹത്തിന്‍റെ ഓർമ്മകളുമായി കുടുംബം യുഡിഎഫ് പ്രചരണത്തിന്

കോട്ടയം: ഉമ്മൻചാണ്ടി ഇല്ലാത്ത ആദ്യ പൊതു തിരഞ്ഞെടുപ്പിൽ അദ്ദേഹത്തിന്‍റെ ഓർമ്മകളുമായി കുടുംബാംഗങ്ങൾ യുഡിഎഫിന് വേണ്ടി പ്രചാരണത്തിന് ഇറങ്ങും. ഉമ്മൻചാണ്ടിയുടെ പേരിലുള്ള ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെയാണ് അദ്ദേഹത്തിന്‍റെ ഭാര്യ മറിയാമ്മ ഉമ്മൻ ഇക്കാര്യം വ്യക്തമാക്കിയത്. ഉമ്മൻചാണ്ടിയുടെ അഭാവത്തിൽ അദ്ദേഹത്തിന്‍റെ മക്കളായ ചാണ്ടി ഉമ്മൻ എംഎൽഎയും, അച്ചു ഉമ്മനും, മറിയം ഉമ്മനും ഭാര്യ മറിയാമ്മ ഉമ്മനുമാണ് കേരളത്തിലെ യുഡിഎഫ് സ്ഥാനാർത്ഥികൾക്ക് വേണ്ടി പ്രചാരണ രംഗത്ത് സജീവമാകാൻ ഒരുങ്ങുന്നത്.

കോൺഗ്രസിന്‍റെ എല്ലാ കുടുംബാംഗങ്ങളും പ്രചാരണത്തിന് ഇറങ്ങണമെന്നും ഉമ്മൻചാണ്ടിയുടെ ഭാര്യ മറിയാമ്മ ഉമ്മൻ ഫേസ്ബുക്ക് പേജിൽ കുറച്ചു. രാജ്യം നേരിടാൻ പോകുന്ന ഈ തിരഞ്ഞെടുപ്പിൽ കേന്ദ്രസർക്കാരിന്‍റെ നേതൃത്വത്തിൽ നടക്കുന്ന വർഗീയ – കോർപ്പറേറ്റ് ഭരണത്തിനെതിരെയും കേരളത്തിലെ ജനദ്രോഹഭരണത്തിനെതിരെയും ഒരുമിക്കേണ്ട കാലമാണിതെന്നും ഈ തിരഞ്ഞെടുപ്പ് രാജ്യത്തെ സംബന്ധിച്ചിടത്തോളം വളരെ നിർണായകമാണെന്നും വ്യക്തമാക്കി. ഇത്തവണയും വർഗ്ഗീയ -ഏകാധിപത്യ ശക്തികൾ അധികാരത്തിൽ വന്നാൽ ഇനിയൊരു തിരഞ്ഞെടുപ്പ് ഉണ്ടാകുമോ എന്ന് ഭയപ്പെടേണ്ട സാഹചര്യമാണ് നിലവിലുള്ളത് മറിയാമ്മ ഉമ്മൻ ഫേസ്ബുക്കിൽ കുറിച്ചു. അതുകൊണ്ട് ജനദ്രോഹ സർക്കാരുകൾക്കെതിരെയുള്ള മറുപടിയായി ഈ തിരഞ്ഞെടുപ്പിനെ കാണാനും, ഈ ഉത്തരവാദിത്വം ഏറ്റെടുത്തുകൊണ്ട് തന്‍റെ മകനും എംഎൽഎയുമായ ചാണ്ടി ഉമ്മനും അദ്ദേഹത്തെ കൂടാതെ അച്ചു ഉമ്മനും മറിയ ഉമ്മനും വരാനിരിക്കുന്ന ലോക്സഭ തിരഞ്ഞെടുപ്പിൽ കേരളത്തിൽ നിന്ന് മത്സരിക്കുന്ന എല്ലാ യുഡിഎഫ് സ്ഥാനാർത്ഥികൾക്ക് വേണ്ടി പ്രചാരണ രംഗത്ത് സജീവമായി ഉണ്ടാവുമെന്ന് മറിയാമ്മ ഉമ്മൻ വ്യക്തമാക്കി.

ഉമ്മൻചാണ്ടിയ്ക്ക് പകരമാവില്ല എന്നറിയാമെങ്കിലും, ഈ രാജ്യത്തെ മതേതരത്വവും ജനാധിപത്യവും നമ്മുടെ ഭരണഘടനയും സംരക്ഷിക്കുന്നതിനായി രാഹുൽഗാന്ധിയോടൊപ്പം കോൺഗ്രസിന്‍റെ എല്ലാ കുടുംബാംഗങ്ങളും പ്രചാരണത്തിന് ഇറങ്ങണമെന്ന് മറിയാമ്മ ഉമ്മൻ ഫേസ്ബുക്കിലൂടെ ആവശ്യപ്പെട്ടു. മക്കൾക്കൊപ്പം തന്നെ അനാരോഗ്യങ്ങളെല്ലാം വകവയ്ക്കാതെ മറിയാമ്മ ഉമ്മനും തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ പങ്കെടുക്കുമെന്ന് ഫേസ്ബുക്കിലൂടെ അറിയിച്ചിട്ടുണ്ട്. ഇത് ആദ്യമായിട്ടാണ് മറിയാമ്മ ഉമ്മൻ ഒരു തിരഞ്ഞെടുപ്പ് പ്രചാരണത്തിന് സജീവമാകാൻ ഒരുങ്ങുന്നത്.

Comments (0)
Add Comment