കരോള്‍ സംഘത്തെ ആക്രമിച്ച DYFI യുടേത് അധികാരത്തിന്‍റെ ധാര്‍ഷ്ട്യം: ഉമ്മന്‍ ചാണ്ടി

webdesk
Saturday, December 29, 2018

പാത്താമുട്ടം പള്ളിയിൽ നടന്നത് അധികാരത്തിന്‍റെ ധാർഷ്ട്യമെന്ന് കോൺഗ്രസ് പ്രവർത്തക സമിതി അംഗം ഉമ്മൻചാണ്ടി. സംഭവത്തിൽ പ്രതിഷേധിച്ച് ജനുവരി നാലിന് എസ്.പി ഓഫീസിലേക്ക് യു.ഡി.എഫിന്‍റെ നേതൃത്വത്തിൽ ലോംഗ് മാർച്ച് നടത്തും. സെന്‍റ് പോൾസ് ആംഗ്ലിക്കൻ പള്ളിയിൽ ഉമ്മൻചാണ്ടിയും തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എയും സന്ദർശനം നടത്തി.

ഡി.വൈ.എഫ്.ഐ പ്രവർത്തകരുടെ ആക്രമണം ഭയന്ന് പാത്താമുട്ടം സെന്‍റ് പോൾസ് ആംഗ്ലിക്കൻ പള്ളിയിൽ കഴിയുന്നവരെ കോൺഗ്രസ് പ്രവർത്തകസമിതി അംഗം ഉമ്മൻചാണ്ടിയും തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എയും സന്ദർശിച്ചു. ഡി.വൈ.എഫ്.ഐ ഗുണ്ടകളുടെ ആക്രമണം ഭയന്ന് ആറോളം കുടുംബങ്ങളാണ് പള്ളിയിൽ കഴിയുന്നത്. ഇവിടെ സംഭവിച്ചത് അധികാരത്തിന്‍റെ ധാർഷ്ട്യമെന്ന് ഉമ്മൻചാണ്ടി പ്രതികരിച്ചു. വനിതാ മതിൽ നിർമിച്ച് നവോത്ഥാനം കൊണ്ടുവരാൻ ശ്രമിക്കുന്ന സർക്കാർ ഇതാണോ ലക്ഷ്യമാക്കുന്നതെന്നും അദ്ദേഹം ചോദിച്ചു.

സന്ദർശനം കഴിഞ്ഞ് പുറത്തിറങ്ങിയപ്പോഴും തനിക്കെതിരെ ആക്രമണ ശ്രമം ഉണ്ടായി എന്ന പരാതിയുമായി ഒരാളെത്തി. ഉടൻ വേണ്ട നടപടി സ്വീകരിക്കണമെന്ന് സ്ഥലം എം.എൽ.എ കൂടിയായ തിരുവഞ്ചൂർ രാധാകൃഷ്ണൻ പൊലീസിന് നിർദേശം നൽകി.

പ്രതികൾക്കെതിരെ ശക്തമായ നിയമനടപടി വേണമെന്നാവശ്യപ്പെട്ട് ജനുവരി നാലിന് യു.ഡി.എഫിന്‍റെ നേതൃത്വത്തിൽ എസ്.പി ഓഫീസിലേക്ക് മാർച്ച് നടത്തും.[yop_poll id=2]