മതില്‍ വിജയിപ്പിക്കാന്‍ സര്‍ക്കാര്‍ അധികാര ദുര്‍വിനിയോഗം നടത്തുന്നു: ഉമ്മന്‍ ചാണ്ടി

Jaihind Webdesk
Tuesday, December 25, 2018

Oommen-Chandy

സര്‍ക്കാരിന് ജനങ്ങളോടുള്ള ഉത്തരവാദിത്വങ്ങള്‍ മറന്ന് വനിതാമതില്‍ വിജയിപ്പിക്കാന്‍ സര്‍ക്കാര്‍ സംവിധാനങ്ങള്‍ ദുരുപയോഗം ചെയ്യുന്നതിനെതിരെ കോണ്‍ഗ്രസ് പ്രവര്‍ത്തകസമിതിയംഗം ഉമ്മന്‍ചാണ്ടി. വനിതാമതില്‍ വിജയിപ്പിക്കാന്‍ കാണിക്കുന്നതിന്‍റെ പത്ത് ശതമാനമെങ്കിലും താല്‍പര്യം കാണിച്ചിരുന്നെങ്കില്‍ പ്രളയബാധിതരുടെ പ്രശ്നങ്ങളെല്ലാം ഇതിനകം പരിഹരിക്കാന്‍ കഴിയുമായിരുന്നു എന്നും അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു.

ഉമ്മന്‍ചാണ്ടിയുടെ ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണ രൂപം:

“രണ്ടാഴ്ചയിലേറെയായി സർക്കാർ മെഷിനറികളുടെ പൂർണ്ണശ്രദ്ധ വനിതാ മതിൽ വിജയിപ്പിക്കാനാണ്. ഇതിന്റെ പത്ത്‌ ശതമാനം താല്പര്യം കാണിച്ചിരുന്നുവെങ്കിൽ പ്രളയം ബാധിച്ച ജനങ്ങളുടെ എല്ലാ പ്രയാസങ്ങളും ഇതിനോടകം പരിഹരിക്കാൻ കഴിയുമായിരുന്നു.

സർക്കാർ പണം മതിലിനായി ചെലവഴിക്കുമെന്നും, ഇല്ലെന്നും തിരിച്ചും മറിച്ചും പറയുന്ന സർക്കാർ ഇപ്പോൾ മതിൽ വിജയിപ്പിക്കാനായി നഗ്നമായ അധികാര ദുർവിനിയോഗമാണ് നടത്തുന്നത്.

ആശ വർക്കേഴ്സ്, കുടുംബശ്രീ, അംഗനവാടി പ്രവർത്തകർ, അയൽക്കൂട്ടം, തൊഴിലുറപ്പ് തൊഴിലാളികൾ തുടങ്ങി പാവപ്പെട്ട സ്ത്രീകളിൽനിന്നും സാമൂഹിക സുരക്ഷാ പെൻഷൻ വാങ്ങുന്നവരിൽ നിന്നും നിർബന്ധമായി പ്രാദേശിക പാർട്ടി നേതാക്കൾ പണം പിരിക്കുന്നതായി വ്യാപകമായ വാർത്തകളാണ് വന്നുകൊണ്ടിരിക്കുന്നത്. ഒറ്റപ്പാലത്ത് നിർബന്ധിത പിരിവിനെക്കുറിച്ച് അന്വേഷിക്കുകയും ആക്ഷേപം ശരിയാണെന്ന് ബോധ്യപ്പെടുകയും ചെയ്തു എന്നാണു പത്രവാർത്ത.

മുഖ്യമന്ത്രിയോട് ഒരു അഭ്യർഥനയുള്ളത്, സമൂഹത്തിലെ ഏറ്റവും ദുർബലരായ സ്ത്രീകളിൽ നിന്നും നടത്തുന്ന നിർബന്ധിത പിരിവ് ദയവായി ഉപേക്ഷിക്കണം. സർക്കാർ ഫണ്ട് വിനിയോഗിക്കുന്നതിനെക്കാൾ ഗുരുതരമായ തെറ്റാണ് പാവപ്പെട്ടവന്റെ പിച്ചചട്ടിയിൽ നിന്നും കയ്യിട്ടുവാരി മതിൽ കെട്ടിപ്പെടുത്തുന്നത്.

ഇതിനോടകം മതിലിന്റെ പേരിൽ അനാവശ്യമായ ചേരിതിരിവും സംഘർഷങ്ങളും സമൂഹത്തിൽ ഉണ്ടായിക്കഴിഞ്ഞു. ഈ വർഗീയ മതിൽ ജനങ്ങളെ ഭിന്നിപ്പിക്കാൻ മാത്രമേ സഹായിക്കുകയുള്ളൂ.

https://www.facebook.com/pg/oommenchandy.official/posts/?ref=page_internal