ആരോഗ്യമേഖലയില്‍ യുഡിഎഫ് സർക്കാർ കൊണ്ടുവന്ന പദ്ധതികള്‍ അട്ടിമറിച്ചു ; നേട്ടങ്ങള്‍ അക്കമിട്ട് നിരത്താനാകുമോ എന്ന് സർക്കാരിനോട് ഉമ്മന്‍ ചാണ്ടി ; എണ്ണിപ്പറഞ്ഞ് കുറിപ്പ്

Jaihind Webdesk
Friday, April 2, 2021

 

തിരുവനന്തപുരം : ശരിയുടെ അഞ്ചു വർഷങ്ങളെന്ന് അവകാശപ്പെടുന്ന ഇടത് സർക്കാർ വ്യാജപ്രചരണങ്ങളിലൂടെ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനുള്ള തീവ്രശ്രമത്തിലാണെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി.  ആരോഗ്യ മേഖലയിൽ പുരോഗതി കൈവരിച്ചെന്ന് അവകാശപ്പെടുന്ന ഇടത് സർക്കാർ, യുഡിഎഫ് സർക്കാരിന്റെ കാലത്തു ആവിഷ്കരിച്ചു വിജയകരമായി നടപ്പിലാക്കിയ അന്താരാഷ്ട്ര തലത്തിൽ വരെ ശ്രദ്ധ നേടിയ പല പദ്ധതികളും അട്ടിമറിച്ചെന്നും അദ്ദേഹം പറഞ്ഞു. യുഡിഎഫ് സർക്കാർ നടപ്പിലാക്കുകയും എല്‍ഡിഎഫ് സർക്കാർ നിർത്തലാക്കുകയും ചെയ്ത പദ്ധതികള്‍ എണ്ണിപ്പറഞ്ഞ് ഫേസ്ബുക്കിലൂടെയായിരുന്നു അദ്ദേഹത്തിന്‍റെ വിമർശനം.

ഫേസ്ബുക്ക് കുറിപ്പിന്‍റെ പൂർണരൂപം

1.പാവങ്ങൾക്ക് കുറഞ്ഞ ചെലവിൽ ചികിത്സ ഒരുക്കുയെന്ന ലക്ഷ്യത്തോടെയാണ് എല്ലാ ജില്ലയിലും മെഡിക്കൽ കോളേജ് തുടങ്ങാൻ യുഡിഎഫ് സർക്കാർ പദ്ധതിയിട്ടത്. യുഡിഎഫ് സർക്കാരിന്റെ സ്വപ്നപദ്ധതി ആയിരുന്നു ഇത്. എന്നാൽ ഇടത് സർക്കാർ പദ്ധതി അട്ടിമറിച്ചു.
2. യുഡിഎഫ് സർക്കാരിന്റെ കാലത്ത് ആരംഭിച്ച മെഡിക്കല്‍ കോളജുകള്‍ കൃത്യസമയത്ത് പൂര്‍ത്തിയാക്കിയിരുന്നെങ്കില്‍ കേരളത്തിന് പ്രതിവര്‍ഷം 500 സീറ്റുകൾ കൂടുതല്‍ ലഭിക്കുമായിരുന്നു. അഞ്ചു വര്‍ഷം കൊണ്ട് ചെലവുകുറഞ്ഞ 2500 മെഡിക്കൽ സീറ്റുകള്‍ നഷ്ടപ്പെട്ടു. സ്വാശ്രയഫീസ് ഇപ്പോള്‍ ഏഴു ലക്ഷമായി. സ്വാശ്രയ മുതലാളിമാർക്ക് വേണ്ടി ഇത് 20 ലക്ഷമാക്കാനാണ് ഇടതു സർക്കാർ നീക്കം നടത്തുന്നത്.
3.നിശബ്ദതയുടെ ലോകത്ത് നിന്ന് കുരുന്നുകളെ ശബ്ദ ലോകത്തിന്റെ മധുരിമയിലേക്ക് കൈപിടിച്ചുയര്‍ത്തുകയെന്ന ലക്ഷ്യത്തോടെയാണ് ശ്രുതി തരംഗം പദ്ധതി ആവിഷ്കരിച്ചത്. സാധാരണക്കാരായ നിരവധി കുരുന്നുകള്‍ക്കും രക്ഷിതാക്കള്‍ക്കും കൈത്താങ്ങായ പദ്ധതി യുഡിഎഫ് കാലത്തു മൊത്തം 652 കോക്ലിയര്‍ ഇംപ്ലാന്റേഷന്‍ സർജറി നടത്തി. എൽ ഡി എഫ് സർക്കാരിന്റെ കാലത്തു നടത്തിയത് 391സർജറികൾ മാത്രം.
4. പേര് അന്വർഥമാക്കും വിധത്തിൽ സാധാരണക്കാർക്ക് വലിയ ആശ്വാസമാണ് കാരുണ്യ ആരോഗ്യസുരക്ഷാപദ്ധതി പകർന്നത് കാരുണ്യ പദ്ധതിലൂടെ യുഡിഎഫ് 1.42 ലക്ഷം രോഗികൾക്ക് 1200 കോടി രൂപയുടെ ധനസഹായം നല്‍കിയത്. എൽഡിഎഫ് സർക്കാർ അധികാരത്തിലെത്തിയതോടെ കാരുണ്യ പദ്ധതി നിർത്തലാക്കുകയും, ഇന്‍ഷ്വറന്‍സ് അധിഷ്ഠിതമാക്കി സങ്കീര്‍ണമാക്കി. കാരുണ്യ ലോട്ടറി ആരോഗ്യവകുപ്പില്‍ നിന്ന് ധനവകുപ്പ് ഏറ്റെടുത്തതോടെ ഫണ്ട് നിലച്ചു.
5. കഴിഞ്ഞ യുഡിഎഫ് സർക്കാർ 595 ഇനം മരുന്നുകള്‍ സൗജന്യമായി വിതരണം ചെയ്തു. ഹീമോഫിലിയ രോഗികള്‍ക്ക് ആജീവനാന്തം സൗജന്യ ചികിത്സ നല്കി. 18 വയസുവരെ എല്ലാ കുട്ടികള്‍ക്കും സര്‍ക്കാര്‍ ആശുപത്രികളില്‍ ആരോഗ്യകിരണം പദ്ധതിയിലൂടെ സൗജന്യ ചികിത്സ നല്കി. എല്ലാ കുടുംബങ്ങള്‍ക്കും കാന്‍സര്‍ ചികിത്സയും മരുന്നും സുകൃതം പദ്ധതിയിലൂടെ സൗജന്യമായി നല്കി.
6. യുഡിഎഫ് കാലത്തു നടപ്പിലാക്കിയ മൃതസഞ്ജീവനി പദ്ധതിയിലൂടെ മൊത്തം 683 പേർക്ക് അവയവ ശസ്ത്രക്രീയ നടത്തി. എൽ ഡി എഫ് സർക്കാരിന് വെറും 269 പേർക്ക് മാത്രമേ അവയവ ശസ്ത്രക്രീയ നടത്താനായുള്ളു.
7. 2016-ല്‍ കേരളത്തില്‍ ആദ്യമായി തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ കരള്‍ മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ നടത്തി. 2015-ല്‍ കോട്ടയം മെഡിക്കല്‍ കോളജില്‍ ആദ്യമായി ഹൃദയമാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ നടത്തി.
യുഡിഎഫ് സർക്കാരിന്റെ കാലത്തു ദേശീയ തലത്തിൽ ജനശ്രദ്ധ ആകർഷിച്ച എയർ ആംബുലൻസ് ഉൾപ്പടെയുള്ള വിവിധ പദ്ധതികൾ അട്ടിമറിച്ചു, കോടികൾ മുടക്കി വിലക്കെടുത്ത പി ആർ ഏജൻസികളുടെ സഹായത്തോടെ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയാണ്.
ഇടത്‌ സർക്കാരിന്റെ കാലത്തു ആരോഗ്യ മേഖലയിൽ കൈവരിച്ച നേട്ടങ്ങളെ കുറച്ചു അക്കമിട്ട് പറയുവാൻ വെല്ലുവിളിക്കുകയാണ്? സാധിക്കുമോ.