മദ്യശാലകള്‍ തുറന്നിടാന്‍ പഞ്ചാബിനെ കൂട്ടുപിടിച്ചത് അപഹാസ്യം, മുഖ്യമന്ത്രി തെറ്റ് തിരുത്തണം : ഉമ്മന്‍ ചാണ്ടി

Jaihind News Bureau
Tuesday, March 24, 2020

തിരുവനന്തപുരം: കേരളത്തിലെ ആരാധനാലയങ്ങള്‍വരെ 31-ാം തീയതിവരെ അടച്ചിട്ടിട്ട് ബിവറേജസ് കോര്‍പറേഷന്‍റെ മദ്യവിതരണശാലകള്‍ തുറന്നിടാന്‍ പഞ്ചാബിലെ കോണ്‍ഗ്രസ് മുഖ്യമന്ത്രിയെ കൂട്ടുപിടിച്ച മുഖ്യമന്ത്രിയുടെ നടപടി അങ്ങേയറ്റം അപഹാസ്യമാണെന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗം ഉമ്മന്‍ ചാണ്ടി മുഖ്യമന്ത്രിക്കു നല്‍കിയ കത്തില്‍ ചൂണ്ടിക്കാട്ടി. പഞ്ചാബില്‍ ബാറുകളും മറ്റെല്ലാ മദ്യവിതരണ കേന്ദ്രങ്ങളും അടച്ചുപൂട്ടിയതാണ്. പഞ്ചാബ് സര്‍ക്കാരിന്‍റെ അവശ്യവസ്തു പട്ടികയില്‍ ബിവറേജസ് (പാനീയം) എന്നു കണ്ട് തെറ്റദ്ധരിച്ചതാണെങ്കില്‍ മുഖ്യമന്ത്രി ഉടനടി തെറ്റ് തിരുത്തണമെന്ന് ഉമ്മന്‍ ചാണ്ടി ആവശ്യപ്പെട്ടു.

മദ്യപാനം കൊറോണാ വൈറസ് രോഗത്തിന് ആക്കംകൂട്ടുമെന്ന വിദഗ്ധ അഭിപ്രായം വന്നിട്ടും ഗവണ്‍മെന്‍റ് നിലപാട് മാറ്റാത്തത് പ്രതിഷേധാര്‍ഹമാണ്. മരുന്നുവാങ്ങാന്‍ പുറത്തിറങ്ങണമെങ്കില്‍ അനുവാദം വേണമെന്നിരിക്കെ ബിവറേജസ് കോര്‍പ്പറേഷന്‍റെ വിതരണകേന്ദ്രങ്ങള്‍ക്കു മുമ്പില്‍ സര്‍വ്വസ്വാതന്ത്ര്യവും നല്‍കിയത് എല്ലാവരേയും അത്ഭുതപ്പെടുത്തുന്നു.

വടകര ബിവറേജസ് കോര്‍പ്പറേഷന്റെ വിതരണകേന്ദ്രത്തിന്‍റെ മുമ്പില്‍ മദ്യം വാങ്ങുവാന്‍ എത്തിയ വന്‍ ജനക്കൂട്ടത്തെ ലാത്തിചാര്‍ജ്ജ് ചെയ്യുന്നത് എല്ലാ ദൃശ്യമാധ്യങ്ങളിലും കണ്ടു. അത്രമാത്രം ജനക്കൂട്ടം അവിടെ എത്തിയിരുന്നുവെന്നു വ്യക്തം. ജനസാന്നിദ്ധ്യവും ജനസമ്പര്‍ക്കവും കുറയ്ക്കാന്‍ ഏര്‍പ്പെടുത്തിയ ലോക്ക് ഡൗണിന് എന്തു സാംഗത്യമാണുള്ളതെ് ഉമ്മന്‍ ചാണ്ടി ചോദിച്ചു.

മുഖ്യമന്ത്രി പങ്കെടുത്ത ബാങ്കേഴ്‌സ് യോഗത്തില്‍ കടങ്ങള്‍ക്ക് മോറട്ടോറിയം നല്‍കാന്‍ അനുകൂലമായ നിലപാട് ബാങ്കുകള്‍ എടുത്തെങ്കിലും 2020 ജനുവരി 31 വരെ കുടിശ്ശിക ഇല്ലാതെ തിരിച്ചടവ് നല്‍കിയ ഇടപാടുകാര്‍ക്കായി ഈ ആനുകൂല്യം പരിമിതപ്പെടുത്തിയാണ് ഉത്തരവ് ഇറങ്ങിയത്. ഈ ഉത്തരവ് അനുസരിച്ച് അര്‍ഹിക്കുന്ന ഒരാള്‍ക്കു പോലും ആനുകൂല്യം ലഭിക്കുകയില്ല. മുഖ്യമന്ത്രി ഈ കാര്യത്തില്‍ വീണ്ടും ഇടപെട്ട് ജപ്തി നടപടികള്‍ ഒരു വര്‍ഷത്തേയ്ക്ക് നിര്‍ത്തിവയ്പ്പിക്കുകയും കടങ്ങള്‍ക്ക് പരമാവധി ഇളവ് നല്‍കുവാന്‍ ബാങ്കുകളെ പ്രേരിപ്പിക്കുകയും വേണം.

64000-ത്തിലധികം പേരാണ് ഇപ്പോള്‍ വീടുകളില്‍ 14 ദിവസത്തെ നിരീക്ഷണത്തിലും ക്വാറന്‍റീനിലുമായി ഉള്ളത്. ജോലിക്ക് പോകാതെ ജീവിക്കാന്‍ കഴിയാത്തവര്‍ ഇവരിലുണ്ട്. അങ്ങനെ ഉള്ളവരുടെ കുടുംബത്തിന് അടിയന്തരമായ സാമ്പത്തിക സഹായം അനുവദിക്കണം. സൗജന്യ റേഷന്‍ നല്‍കുന്നതിനോടൊപ്പം ഓണക്കാലത്ത് കൊടുക്കുന്നതുപോലെയുള്ള കിറ്റ് കൊടുക്കുവാന്‍ സര്‍ക്കാര്‍ തയാറാകണം. അരിയും മറ്റു അത്യാവശ്യ സാധനങ്ങളും ഉള്‍പ്പെടുത്തിയ കിറ്റ് വലിയ സഹായമാകും. ജോലിക്ക് പോകാത്ത സാഹചര്യത്തില്‍ ജീവിക്കുവാന്‍ ബുദ്ധിമുട്ടുന്ന എല്ലാ കുടുംബങ്ങള്‍ക്കും സാമ്പത്തിക സഹായം നല്‍കണം.

മുഖ്യമന്ത്രി പ്രഖ്യാപിച്ച 20,000 കോടി രൂപയുടെ പാക്കേജില്‍ വലിയ പങ്ക് കുടിശ്ശിക കൊടുത്തു തീര്‍ക്കാനുള്ള തുക ആണെങ്കിലും ഇത്രയും തുക ജനങ്ങളുടെ കൈയില്‍ ഈ സമയത്ത് എത്തുന്നത് പ്രയോജനം ചെയ്യും. പാക്കേജ് പൂര്‍ണ്ണമായി എത്രയും വേഗം നടപ്പിലാക്കണം. യൂണിവേഴ്‌സിറ്റി പരീക്ഷകള്‍ (മാറ്റിവയ്ക്കാതെ ആദ്യം നടത്തിയ പരീക്ഷകള്‍) നടത്തിയപ്പോള്‍ ഗവണ്‍മെന്‍റ് നിര്‍ദ്ദേശ പ്രകാരം വീടുകളില്‍ നിരീക്ഷണത്തിലായവര്‍ക്ക് പരീക്ഷ തുടര്‍ന്നും എഴുതുവാന്‍ അവസരം ലഭിക്കുവാന്‍ ആവശ്യമായ നിര്‍ദ്ദേശം ബന്ധപ്പെട്ട യൂണിവേഴ്‌സിറ്റികള്‍ക്കു കൊടുക്കണം.

ഇറാന്‍, മലേഷ്യ, മാല്‍ഡോവ ഉള്‍പ്പെടെ വിദേശ രാജ്യങ്ങളില്‍ കുടുങ്ങി കിടക്കു്ന്ന മലയാളികളെ തിരിച്ച് കൊണ്ടുവരുന്നതിന് കേന്ദ്ര ഗവമെന്റില്‍ സമ്മര്‍ദ്ദം ചെലുത്തണമെന്നും തോട്ടം മേഖലയിലെ തൊഴിലാളികള്‍ക്ക് രോഗം പകരാതിരിക്കാനുള്ള മുന്‍കരുതലുകള്‍ എടുക്കാന്‍ (അവധി കൊടുക്കുന്നതുള്‍പ്പെടെ) പ്രത്യേകം ശ്രദ്ധിക്കണമെന്നും ഉമ്മന്‍ ചാണ്ടി ആവശ്യപ്പെട്ടു.