സമാനതകളില്ലാത്ത നേതാവ്, നേട്ടങ്ങള്‍ രാജ്യത്തിനും പാര്‍ട്ടിക്കും മുതല്‍ക്കൂട്ട് ; ആന്‍റണിക്ക് ജന്മദിനാശംസകള്‍ നേർന്ന് ഉമ്മന്‍ ചാണ്ടി

Jaihind News Bureau
Monday, December 28, 2020

 

തിരുവനന്തപുരം : 80-ാം പിറന്നാള്‍ ആഘോഷിക്കുന്ന മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എ.കെ ആന്‍റണിക്ക് ആശംസകള്‍ നേര്‍ന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. സമാനതകളില്ലാത്ത നേതാവാണ് എ കെ ആന്‍റണി. അദ്ദേഹത്തിന്റെ നേട്ടങ്ങള്‍ രാജ്യത്തിനും പാര്‍ട്ടിക്കും ഏറ്റവും അധികം പ്രയോജനപ്പെട്ടിട്ടുണ്ടെന്നും  ജനങ്ങള്‍ ഇന്നും ആഗ്രഹിക്കുന്ന നേതൃത്വമാണ് അദ്ദേഹത്തിന്‍റേതെന്നും ഉമ്മന്‍ ചാണ്ടി പറഞ്ഞു.

ആദര്‍ശ രാഷ്ട്രീയത്തിന് ആമുഖം എഴുതിയ എ.കെ 80 ന്‍റെ നിറവില്‍ ; ആശംസകള്‍ നേര്‍ന്ന് രാഷ്ട്രീയ കേരളം

ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് 136 വര്‍ഷം പൂര്‍ത്തിയാക്കിയപ്പോള്‍ 80-ാം പിറന്നാള്‍ മധുരത്തിലാണ് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എ കെ ആന്‍റണി. 1940 ഡിസംബര്‍ 28ന് ചേര്‍ത്തല അറക്കപറമ്പില്‍ കുര്യന്‍പിളളയുടെയും ഏലിക്കുട്ടിയുടെയും മകനായിട്ടായിരുന്നു ആന്‍റണിയുടെ ജനനം. സ്‌കൂള്‍ പഠനസമയത്ത് തന്നെ വശ്യമായ പ്രസംഗ ശൈലിയും പഠനത്തിലെ മികവും വഴി ആന്‍റണി ശ്രദ്ധിക്കപ്പെട്ടിരുന്നു. എറണാകുളം മഹാരാജാസ് കോളേജിലെ വിദ്യാഭ്യാസ കാലത്താണ് രാഷ്ട്രീയത്തില്‍ അദ്ദേഹം പയറ്റിതെളിഞ്ഞത്. ഉയര്‍ന്ന വിജയം നേടി സ്‌കൂള്‍ ഫൈനലും ബിഎയും പാസായി. പിന്നീട് ലോ കോളജിലെത്തിയ അദ്ദേഹം വക്കീല്‍ കുപ്പായത്തെക്കാള്‍ ഏറെ സ്നേഹിച്ചത് ആദര്‍ശത്തിലധിഷ്ഠിതമായ സാമൂഹ്യ സേവനമായിരുന്നു.

കാസര്‍കോട് മുതല്‍ തിരുവനന്തപുരം വരെ നീണ്ട പട്ടിണി ജാഥയിലും മത്സ്യത്തൊഴിലാളി സമരത്തിലും പങ്കെടുത്ത അദ്ദേഹം ചെറുപ്പത്തിലെ സാമൂഹ്യ പ്രതിബദ്ധതയുളള നേതാവായിരുന്നു. കേരള മുഖ്യമന്ത്രി, കേരള നിയമസഭാ പ്രതിപക്ഷനേതാവ്, പാര്‍ലമെന്റ് അംഗം, കേന്ദ്ര കാബിനറ്റ് മന്ത്രി എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചു. 1977ല്‍ മുഖ്യമന്ത്രിയാകുമ്പോള്‍ 37 വയസ്സായിരുന്നു അദ്ദേഹത്തിന്. കേരളം കണ്ട ഏറ്റവും പ്രായം കുറഞ്ഞ മുഖ്യമന്ത്രിയെന്നും വിശേഷണമുണ്ടായി.

കേരളത്തിന്റെ എട്ടാമത്തെയും പതിനാറാമത്തെയും പതിനെട്ടാമത്തെയും മുഖ്യമന്ത്രിയായിരുന്നു അദ്ദേഹം. കേരളത്തില്‍ ചാരായ നിരോധനം കൊണ്ടുവന്നതും സ്വകാര്യ മാനേജ്‌മെന്റുകള്‍ക്ക് സ്വാശ്രയ ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങള്‍ തുടങ്ങാന്‍ അനുമതി കൊടുത്തതും ആന്റണിയാണ്. 1996 മുതല്‍ 2001 വരെ കേരള നിയമസഭയിലെ പ്രതിപക്ഷ നേതാവായി പ്രവര്‍ത്തിച്ചു. കോണ്‍ഗ്രസിലെ ആദര്‍ശപുരുഷനായ എ.കെ ആന്‍റണി പാര്‍ട്ടിയില്‍ വഹിക്കാത്ത സ്ഥാനങ്ങളില്ലെന്നു തന്നെ പറയാം.

കെ.എസ്.യുവില്‍ നിന്ന് യുവ നേതൃനിരയിലേക്കും 1969 ല്‍ കെ.പി.സി.സി ജനറല്‍ സെക്രട്ടറി സ്ഥാനവും 1973ല്‍ കെ.പി.സി.സി അധ്യക്ഷ സ്ഥാനവും അലങ്കരിച്ചു. 2006 ഒക്ടോബര്‍ 24ന് ആയിരുന്നു എ.കെ. ആന്‍റണി എന്ന അറക്കപറമ്പില്‍ കുര്യന്‍ ആന്‍റണി ഭാരതത്തിന്റെ 23-ാമത് പ്രതിരോധമന്ത്രിയായത്. ആയുധ ഇടപാടില്‍ ഇടനിലക്കാരെ അനുവദിക്കില്ലെന്ന ആന്‍റണിയുടെ പ്രഖ്യാപനം ധീരമായ ഒരു കാല്‍വെപ്പായിരുന്നു. നിലവില്‍ രാജ്യസഭ എംപി, കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗം, കോണ്‍ഗ്രസ് കേന്ദ്ര തെരഞ്ഞെടുപ്പ് സമിതി അംഗം എന്നീ പദവികള്‍ വഹിക്കുകയാണ് അദ്ദേഹം.