മോദി ഭരണത്തില്‍ രാജ്യത്ത് പട്ടിണി കൂടുന്നു ; നാല് പതിറ്റാണ്ടിലെ ഏറ്റവും താഴ്ന്ന നിരക്കില്‍ ഉപഭോക്തൃ ചെലവ്

Jaihind Webdesk
Friday, November 15, 2019

ഇന്ത്യയില്‍ പട്ടിണി വര്‍ധിക്കുന്നു എന്നത് വ്യക്തമാക്കി രാജ്യത്തെ ഉപഭോക്തൃ ചെലവ് കഴിഞ്ഞ നാല് പതിറ്റാണ്ടിനിടയിലെ ഏറ്റവും താഴ്ന്ന നിരക്കില്‍. നാഷണല്‍ സ്റ്റാറ്റിസ്റ്റിക്കല്‍ ഓഫീസിന്‍റെ (എന്‍.എസ്.ഒ) റിപ്പോര്‍ട്ടിലാണ് ഇന്ത്യയില്‍ പട്ടിണി കൂടുന്നു എന്നതിന്‍റെ വ്യക്തമായ കണക്കുകളുള്ളത്. നാഷണല്‍ സ്റ്റാറ്റിസ്റ്റിക്കല്‍ ഓഫീസ് 2017 ജൂലൈ മുതൽ 2018 ജൂൺ വരെയുള്ള കാലയളവില്‍ നടത്തിയ ‘കീ ഇന്‍ഡിക്കേറ്റേര്‍സ്; ഹൗസ് ഹോള്‍ഡ് കണ്‍സ്യൂമര്‍ എക്‌സ്‌പെഡിച്ചര്‍ ഇന്‍ ഇന്ത്യ’ എന്ന റിപ്പോര്‍ട്ടാണ് ഇപ്പോള്‍ പുറത്തു വന്നിരിക്കുന്നത്.

ജനം അവശ്യ വസ്തുക്കള്‍ക്കായി ചെലവാക്കുന്ന തുക ഗണ്യമായി കുറഞ്ഞതായാണ് സർവേയിലെ കണ്ടെത്തല്‍. ഗ്രാമീണ മേഖലയില്‍ ഈ തുകയില്‍‍ വലിയ തോതില്‍ ഇടിവ് വന്നതായി റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. റിപ്പോര്‍ട്ട് പ്രകാരം 2011-12 സാമ്പത്തിക വര്‍ഷത്തില്‍ ഇന്ത്യയില്‍ ഒരാളുടെ ഒരു മാസത്തെ ശരാശരി സാമ്പത്തിക വിനിയോഗം 1501 രൂപയായിരുന്നു. ഇത് 2017-18 ല്‍ 1446 രൂപയായി കുറഞ്ഞു. ഉപഭോക്തൃ ചെലവില്‍ 3.7 ശതമാനം കുറവാണ് ഉണ്ടായിരിക്കുന്നത്.

അതേസമയം ഗ്രാമീണ മേഖലകളില്‍ 2018 വര്‍ഷത്തില്‍ ഉപഭോക്തൃ ചെലവില്‍ 8.8 ശതമാനം കുറവാണ് ഉണ്ടായിരിക്കുന്നത്. രാജ്യത്തെ പട്ടിണി നിരക്ക് കൂടി വരുന്നതിന്‍റെയും സാമ്പത്തിക മാന്ദ്യം ഗ്രാമീണ മേഖലകളെ ബാധിക്കുന്നതിന്‍റെയും സൂചനയാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. മോദി സര്‍ക്കാരിനെ പ്രതിരോധത്തിലാക്കുന്ന, നേരത്തെ തന്നെ പുറത്തുവരേണ്ടിയിരുന്ന ഈ റിപ്പോര്‍ട്ട് എന്നാല്‍ ഇപ്പോള്‍ മാത്രമാണ് വെളിച്ചം കാണുന്നത്.