കണ്ണൂർ : രണ്ടു ദിവസത്തേക്കുള്ള വാക്സിൻ മാത്രമാണ് സംസ്ഥാനത്ത് സ്റ്റോക്കുള്ളതെന്ന് ആരോഗ്യമന്ത്രി കെ.കെ ശൈലജ. കൂടുതൽ വാക്സിന്‍ നല്‍കണമെന്ന് കേന്ദ്രത്തോട് ആവശ്യപ്പെട്ടിട്ടുണ്ട്. രണ്ടു ദിവസത്തിനുള്ളിൽ വാക്സിൻ എത്തിയില്ലെങ്കിൽ മാസ് വാക്സിനേഷൻ ക്യാംപെയ്ൻ പ്രതിസന്ധിയിലാകുമെന്നും മന്ത്രി പറഞ്ഞു.
കൊവിഡ് രണ്ടാം തരംഗം കേരളത്തിലും ശക്തമാകുകയാണ്. ഓരോ ദിവസം കഴിയുന്തോറും സംസ്ഥാനത്ത് കൊവിഡ് രോഗികളുടെ എണ്ണം വർധിക്കുന്ന സാഹചര്യമാണെന്നും കനത്ത ജാഗ്രത ആവശ്യമാണെന്നും ആരോഗ്യമന്ത്രി പറഞ്ഞു. പഞ്ചായത്ത് തല പ്രതിരോധം ശക്തമാക്കും. വാർഡ് തലത്തിലുള്ള കൊവിഡ് പ്രതിരോധസമിതികളും ശക്തമാക്കും. രോഗലക്ഷണങ്ങളുള്ളവരെ കണ്ടെത്തി പരിശോധനയ്ക്ക് വിധേയമാക്കും. ഗുരുതര പ്രശ്നങ്ങളുള്ള രോഗികൾ ഉണ്ടെങ്കിൽ അവർക്ക് ഏതെങ്കിലും തരത്തിലുള്ള കൊവിഡ് ലക്ഷണങ്ങൾ കണ്ടാൽ എത്രയും പെട്ടെന്ന് തൊട്ടടുത്തുള്ള കൊവിഡ് ആശുപത്രിയിൽ എത്തിക്കണം.
ഏത് പ്രദേശത്താണ് ടെസ്റ്റ് പോസ്റ്റിവിറ്റി നിരക്ക് കൂടുന്നതെന്ന് പ്രത്യേകം പരിശോധിക്കും. പരിശോധന കുറഞ്ഞ സ്ഥലങ്ങളിൽ അവ വർധിപ്പിക്കും. രോഗത്തിന്‍റെ വ്യാപനം നോക്കി മാത്രം നിയന്ത്രണങ്ങൾ കർശനമാക്കും. രോഗികളുടെ എണ്ണം കൂടുന്നതിനനുസരിച്ച് പ്രാദേശിക ലോക്ഡൗൺ ഏർപ്പെടുത്തേണ്ടിവരും. സമ്പൂർണ ലോക്ഡൗൺ നിലവിൽ ആലോചനയിലില്ലെന്നും ആരോഗ്യമന്ത്രി കണ്ണൂരിൽ പറഞ്ഞു.