ഏറ്റവും കൂടുതല്‍ വനിതാ എം.പിമാരുള്ള പാര്‍ട്ടി; മോദി മന്ത്രിസഭയില്‍ ആറ് വനിതാ പ്രതിനിധികള്‍‌ മാത്രം

Jaihind Webdesk
Friday, May 31, 2019

Modi Ministry

മോദി സർക്കാർ രണ്ടാമതും അധികാരത്തിലെത്തുമ്പോൾ മന്ത്രിസഭയിൽ ആകെയുള്ളത് ആറ് വനിതകൾ മാത്രം. കൂടുതൽ വനിതാ എം.പിമാരുള്ള ലോക്‌സഭയായിട്ടും വളരെ കുറവ് മാത്രമാണ് മന്ത്രിസഭയിലെ വനിതാ പ്രാതിനിധ്യം. വ്യാഴാഴ്ച രാഷ്ട്രപതി ഭവനിൽ സത്യപ്രതിജ്ഞ ചെയ്തത് 58 കേന്ദ്രമന്ത്രിമാരാണ്.

കഴിഞ്ഞ മന്ത്രിസഭയിലുണ്ടായിരുന്ന നിർമല സീതാരാമൻ, ഹർസിമ്രത് കൗർ ബാദൽ, സ്മൃതി ഇറാനി എന്നിവർക്ക് ഇത്തവണയും കാബിനറ്റ് പദവി ലഭിച്ചു. സുഷമ സ്വരാജ്, മേനക ഗാന്ധി, ഉമാ ഭാരതി, അനുപ്രിയ പട്ടേൽ തുടങ്ങിയവർക്ക് അവസരം ലഭിക്കാതിരിക്കുകയും ചെയ്തിരുന്നു. ഏറ്റവും കൂടുതൽ വനിതാ എം.പിമാരുള്ളതും ബി.ജെ.പിക്ക് തന്നെയാണ്. 542 എം.പിമാരിൽ 78 പേരാണ് വനിതകള്‍. ഇതിൽ നാൽപത് പേരും ബി.ജെ.പി എം.പിമാരാണ്.

ആദ്യ നരേന്ദ്ര മോദി സർക്കാരിൽ പ്രതിരോധ മന്ത്രി, ധനവകുപ്പ് സഹമന്ത്രി തുടങ്ങിയ വകുപ്പുകൾ കൈകാര്യം ചെയ്ത നിർമല സീതാരാമൻ, അകാലിദൾ നേതാവ് പ്രകാശ് സിംഗ് ബാദലിന്‍റെ മരുമകൾ ഹർസിമ്രത് കൗർ ബാദൽ, സ്മൃതി ഇറാനി, ഉത്തർപ്രദേശിലെ ഫത്തേപുർ മണ്ഡലത്തിൽ നിന്നുള്ള ലോക്‌സഭാ എം.പി സാധ്വി നിരഞ്ജൻ ജ്യോതി, ഛത്തീസ്ഡിൽ നിന്നുള്ള ബി.ജെ.പി നേതാവ് രേണുകാ സിംഗ്, ബംഗാളിലെ ബി.ജെ.പി ജനറൽ സെക്രട്ടറിയായ ദേബോശ്രീ ചൗധരി എന്നിവരാണ് മോദി മന്ത്രിസഭയിലെ ആറ് വനിതാ കേന്ദ്രമന്ത്രിമാർ.