‘രാജ്യത്തെ ഒന്നിപ്പിക്കാന്‍ കോണ്‍ഗ്രസിനേ കഴിയൂ; ബിജെപിയുടെ ഭിന്നിപ്പിക്കല്‍ രാഷ്ട്രീയത്തിനെതിരെ പോരാട്ടം തുടരും’: രാഹുല്‍ ഗാന്ധി

 

ഷില്ലോംഗ്: മേഘാലയ തെരഞ്ഞെടുപ്പിന് ദിവസങ്ങൾ ബാക്കിനിൽക്കെ പ്രവർത്തകരെ ആവേശം കൊള്ളിച്ച് രാഹുൽ ഗാന്ധി ഷില്ലോംഗിൽ. ബിജെപിയുടെ വർഗീയ വിഭജന രാഷ്ട്രീയത്തിനെതിരെ കോൺഗ്രസ് പോരാടുമെന്നും വൈവിധ്യങ്ങളെ തിരിച്ചറിഞ്ഞ് രാജ്യത്തെ ഒന്നിച്ചു നിർത്താൻ ഇന്ത്യൻ നാഷണൽ കോൺഗ്രസിന് മാത്രമേ സാധിക്കൂ എന്നും അദ്ദേഹം പറഞ്ഞു.

വൈവിധ്യങ്ങളെ അംഗീകരിക്കുക എന്നതാണ് കോൺഗ്രസിന്‍റെ സംസ്കാരം. എന്നാൽ ബിജെപിയും ആർഎസ്എസും നിലകൊള്ളുന്നത് ഏകതാവാദത്തിന് വേണ്ടിയാണ്. ഒരു മതം, ഒരു ഭാഷ, ഒരു സംസ്കാരം അതാണ് ബിജെപി ലക്ഷ്യം വെക്കുന്നത്. അതിനായി അവർ വർഗീയ ചേരിതിരിവ് ഉണ്ടാക്കി നേട്ടം കൊയ്യാൻ ശ്രമിക്കുന്നു. ഇന്ത്യയിലെ മിക്ക സംസ്ഥാനങ്ങളിലും അവരത് ചെയ്തു കൊണ്ടിരിക്കുന്നു. ഇന്ത്യയുടെ വൈവിധ്യത്തെ അവർ അംഗീകരിക്കുന്നില്ല.

വൈവിധ്യമാർന്ന സംസ്കാരത്തെയും മതത്തെയും ഭാഷയെയും ഇല്ലാതാക്കാനാണ് അവർ ശ്രമിക്കുന്നത്. എന്നാൽ തങ്ങൾ അതിന് കൂട്ടുനിൽക്കില്ലെന്നും കോൺഗ്രസ് അതിനെ നേരിടുമെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു. മേഘാലയയിൽ കോൺഗ്രസ് അധികാരത്തിലെത്തിയാല്‍ ഓരോ കുടുംബത്തിനും പ്രതിമാസം 3,000 രൂപ നൽകും, തൊഴിലില്ലായ്മ പരിഹരിക്കാൻ പദ്ധതികൾ ആവിഷ്കരിക്കും, തടസമില്ലാതെ വൈദ്യുതി എല്ലാ ഭവനങ്ങളിലും എത്തിക്കും, മയക്കുമരുന്നിന്‍റെ ഉപയോഗത്തിന് തടയിടാൻ കർശന നടപടി സ്വീകരിക്കുമെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു. അഴിമതി രഹിത മേഘാലയയാണ് കോൺഗ്രസിന്‍റെ ലക്ഷ്യമെന്നും രാഹുല്‍ ഗാന്ധി വ്യക്തമാക്കി.

Comments (0)
Add Comment