കൊട്ടിഘോഷിച്ച ഓൺലൈൻ അധ്യാപക പരിശീലനത്തിന് അകാല ചരമം…?

Jaihind News Bureau
Thursday, May 21, 2020

അടുത്ത അധ്യയന വർഷത്തേയ്ക്ക് അധ്യാപകരെ സജ്ജരാക്കാനായി തുടക്കമിട്ട ഓൺലൈൻ പരിശീലന പരിപാടി അകാലത്തില്‍ അവസാനിപ്പിച്ചതായി റിപ്പോർട്ട്. ഈ മാസം 14നാണ് കൈറ്റ് വിക്ടേഴ്സ് ചാനലിലൂടെയും ഓൺലൈനായും ഒന്നുമുതൽ ഏഴുവരെ ക്ലാസ്സുകളിലെ അധ്യാപകർക്കായുള്ള പരിശീലന പരിപാടി ആരംഭിച്ചത്. പ്രത്യേകം തയ്യാറാക്കിയ മോഡ്യൂളുകൾ അനുസരിച്ചായിരുന്നു പരിശീലനം.

കേരളത്തിലെ 80000 ത്തോളം വരുന്ന പ്രൈമറി അധ്യാപകർക്കുളള “റിക്കോർഡ് ചെയ്ത” ഓൺലൈൻ പരിശീലനം വിക്ടേർസ് ചാനലിലൂടെ വിദ്യാഭ്യാസമന്ത്രിയുടെ രസതന്ത്രത്തോടെ മെയ് 14നാണ് ആരംഭിച്ചത്. മെയ് 20 വരെ അഞ്ച് ദിവസത്തേക്കുള്ള പരിശീലനമാണ് SCERTയുടെ നേതൃത്വത്തിൽ ആസൂത്രണം ചെയ്ത് ഷൂട്ട് ചെയ്തത്. BRC കളുടെ നേതൃത്വത്തിൽ ഇതിനെ തുടർന്ന് ചർച്ചയും നോട്ടെഴുത്തും ഫീഡ്ബാക്കും പ്രചാരണവേലകളും എല്ലാം നടന്നു. എന്നാൽ പരിശീലനം നിർത്തിവയ്ക്കുകയാണെന്ന അറിയിപ്പ് നാലാം ദിവസം എത്തി. സ്കൂളുകളിലെ അഡ്മിഷനുമായി ബന്ധപ്പെട്ട നടപടിക്രമങ്ങള്‍ ആരംഭിച്ചതിനാലാണ് ഇതെന്നാണ് കാരണം പറഞ്ഞിരിക്കുന്നത്. KITE CEO കെ. അന്‍വർ സാദത്ത് ആണ് ഇക്കാര്യം അറിയിച്ചത്.

എന്നാൽ SSKയിലെ മുൻകാല ഭാഷാധ്യാപകരായ രണ്ട് കൺസൾട്ടൻ്റുമാർ തമ്മിലുള്ള അടുക്കളപ്പോരാണ് പരിശീലനം നിർത്തിവയ്ക്കുന്ന തീരുമാനമെടുക്കാൻ സിഇഒയെ പ്രേരിപ്പിച്ചതെന്നാണ് അണിയറ വർത്തമാനം. കൺസൾട്ടൻ്റുമാർ തമ്മിലുള്ള പടലപിണക്കത്തിൻ്റെ ഇരുവശങ്ങളിലുമായി വിദ്യാഭ്യാസ വകുപ്പിൻ്റെ വിവിധ ഏജൻസികളും വിദ്യാഭ്യാസ വിചക്ഷണരും സംഘടനാ നേതാക്കളും അണിനിരന്നതോടെ കെട്ടിഘോഷിച്ച പരിശീലനം CEO “വേണ്ടപ്പെട്ടവരുടെ ” അനുവാദത്തോടെ നിർത്തിവച്ചു എന്നാണ് റിപ്പോർട്ടുകള്‍.

ജൂൺ 1 മുതൽ വിക്ടേർസ് ചാനലിലൂടെ സംപ്രേഷണം ചെയ്യും എന്ന് മുഖ്യമന്ത്രി പറയുന്ന ഓൺലൈൻ ക്ലാസിനും ഈ ഗതി വരുമോ എന്നാണ് ഇപ്പോള്‍ ഏവരും ഉറ്റുനോക്കുന്നത്. 80,000ത്തോളം അധ്യാപകരെ വിഡ്ഡികളാക്കിയപോലെ, ഈ ഉള്‍പ്പോര്, വിദ്യാർത്ഥികളേയും അവരുടെ ഭാവിയും അവതാളത്തിലാക്കുമോ എന്ന് സാധാരണക്കാരായ രക്ഷകർത്താക്കള്‍ ഉത്കണ്ഠപ്പെടുമ്പോള്‍ കുറ്റംപറയാനാകില്ല.