‘എന്‍റെ വീട്ടില്‍ ടി.വിയില്ല, അടുത്ത വീട്ടില്‍ പോയാ പഠിക്കുന്നെ…’; വിഷമാവസ്ഥ ഉമ്മന്‍ ചാണ്ടിയെ അറിയിച്ച് ശ്രീലാല്‍; ഉടന്‍ ടി.വി എത്തിച്ച് കരുതല്‍| VIDEO

Jaihind News Bureau
Sunday, June 14, 2020

 

ഓണ്‍ലൈന്‍ പഠനത്തിന് സാഹചര്യമില്ലാതെ വിഷമിക്കുകയായിരുന്ന വിദ്യാര്‍ത്ഥികള്‍ക്ക്  പഠനത്തിന് അവസരമൊരുക്കി മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. മങ്ങാട് സ്വദേശികളായ ഹരിലാലിനും ശ്രീലാലിനുമാണ് ഉമ്മന്‍ ചാണ്ടിയുടെ ഇടപെടല്‍ തുണയായത്.  ഇരുവര്‍ക്കുമായി ടെലിവിഷന്‍ എത്തിച്ചുനല്‍കുകയായിരുന്നു അദ്ദേഹം. മങ്ങാട് ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ ഏഴാം ക്ലാസ് വിദ്യാര്‍ത്ഥിയാണ് ശ്രീലാല്‍. ഹരിലാല്‍ പത്താം ക്ലാസ് വിദ്യാര്‍ത്ഥിയും. പഠനത്തിനായി സ്മാര്‍ട്ട് ഫോണും ടി.വിയും ഇല്ലാതിരുന്ന ഇരുവരും തങ്ങളുടെ ദുരിതം ഉമ്മന്‍ ചാണ്ടിയെ  ഫോണില്‍ വിളിച്ചറിയിക്കുകയായിരുന്നു.

വിദ്യാര്‍ത്ഥികളുടെ വിഷമാവസ്ഥ മനസിലാക്കിയ കെ എസ് യു നേതാവ് ജയരാജ് പള്ളിവിളയാണ് ഉമ്മന്‍ ചാണ്ടിയെ വിളിക്കാന്‍ ആവശ്യപ്പെട്ടത്. യൂത്ത് കോണ്‍ഗ്രസ് നേതാവ് ഷെഫീക്ക് കിളിക്കൊല്ലൂരില്‍ നിന്നും നമ്പര്‍ സംഘടിപ്പിച്ച് ശ്രീലാല്‍ ഉമ്മന്‍ ചാണ്ടിയെ വിളിക്കുകയായിരുന്നു. ആദ്യം ഫോണെടുത്തത് അദ്ദേഹത്തിന്റെ പി.എ ആയിരുന്നു. എന്നാല്‍ മണിക്കൂറുകള്‍ക്കകം ഉമ്മന്‍ ചാണ്ടി തന്നെ തിരിച്ചുവിളിച്ചു. ശ്രീലാലിന്റെ പ്രശ്‌നങ്ങള്‍ മനസിലാക്കിയ ഉമ്മന്‍ ചാണ്ടി ഉടന്‍ ടി.വി എത്തിക്കാന്‍ യൂത്ത് കോണ്‍ഗ്രസ് നേതാക്കളായ നിബു ജേക്കബിനെയും ഷെഫീക്ക് കിളിക്കൊല്ലൂരിനെയും ചുമതലപ്പെടുത്തി. കഴിഞ്ഞദിവസം രാവിലെ ഷെഫീക്ക് കിളിക്കൊല്ലൂരിന്റെ നേതൃത്വത്തില്‍ നിബു ജേക്കബ് വാങ്ങിയ സ്മാര്‍ട് ടി.വി കെപിസിസി ജനറല്‍ സെക്രട്ടറി അഡ്വ. എ.ഷാനവാസ് ഖാന്‍ ശ്രീലാലിനും ഹരിലാലിനും കൈമാറി.