തൃശൂർ-പാലക്കാട് ദേശീയ പാതയിൽ കുതിരാനിലെ ഒരു തുരങ്കം താത്കാലികമായി തുറന്നു

Jaihind News Bureau
Tuesday, January 28, 2020

തൃശൂർ-പാലക്കാട് ദേശീയ പാതയിൽ കുതിരാനിലെ ഒരു തുരങ്കം താത്കാലികമായി തുറന്നു. പാതയിൽ ഇന്നും നാളെയും ഗതാഗത നിയന്ത്രണം തുടരും.

പവർ ഗ്രിഡ് കോർപ്പറേഷന്റെ ഭൂഗർഭ കേബിൾ സ്ഥാപിക്കുന്നതിനു വേണ്ടി നടപ്പാക്കാൻ ഉദ്ദേശിക്കുന്ന ഗതാഗത നിയന്ത്രണത്തിന്റെ ട്രയൽ റൺ ആണ് ഇന്നും നാളെയുമായി നടക്കുന്നത്. ഇതിന്റെ ഭാഗമായി ഇന്നും നാളെയും കുതിരാനിൽ ഒറ്റ വരി ഗതാഗതം മാത്രമാണ് അനുവദിക്കുക. രാവിലെ 8 മുതൽ വൈകീട്ട് 5 വരെയാണ് നിയന്ത്രണം. കെ എസ് ആർടിസി- സ്വകാര്യ ബസുകൾക്കും ആംബുലൻസുകൾക്കും നിയന്ത്രണമില്ല. തൃശൂർ എറണാകുളം ഭാഗത്ത് നിന്ന് പാലക്കാടേക്ക് പോകുന്ന മറ്റ് വാഹനങ്ങൾ വടക്കാഞ്ചേരി- ഷൊർണൂർ പഴയന്നൂർ വഴി തിരിച്ചു വിട്ടു. എന്നാൽ പാലക്കാട് നിന്ന് തൃശൂർ ഭാഗത്തേക്ക് വരുന്ന വാഹനങ്ങൾക്കായി ഒരു തുരങ്കം താത്കാലികമായി തുറന്നിട്ടുണ്ട്. വെളിച്ച- വായു സംവിധാനങ്ങൾ പ്രവർത്തന ക്ഷമമായതിന്റെ അടിസ്ഥാനത്തിലാണ് തുരങ്കം തുറന്നത്. ഇതോടെ വാഹന ഗതാഗതം സുഗമമായി നീങ്ങുന്നുണ്ട്. രണ്ട് ദിവസത്തെ ട്രയൽ റൺ പരിശോധിച്ച ശേഷം ഭൂഗർഭ കേബിൾ സ്ഥാപിക്കുന്നതിനുള്ള പണികൾ തുടങ്ങുന്ന തീയതി നിശ്ചയിക്കും. പണികൾ പൂർത്തിയാവാൻ ഒരു മാസം വേണ്ടി വരുമെന്നാണ് സൂചന.