ചാവക്കാട്ടെ കോൺഗ്രസ്സ് പ്രവർത്തകൻ പുന്ന നൗഷാദിനെ വെട്ടിക്കൊലപ്പെടുത്തിയ കേസിൽ ഒരു പ്രതി കൂടി അറസ്റ്റിലായി. എസ്.ഡി.പി.ഐ പ്രവർത്തകനായ വടക്കേക്കാട് സ്വദേശി ഫെബീർ ആണ് പിടിയിലായത്. ഇതോടെ കേസിൽ അറസ്റ്റിലാകുന്ന പ്രതികളുടെ എണ്ണം രണ്ടായി.
കുന്ദംകുളം അസിസ്റ്റന്‍റ് കമ്മീഷണർ ടിഎസ് സിനോജിന്‍റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ പിടികൂടിയത്. പിടിയിലായ ഫബീർ എസ്ഡിപിഐയുടെ സജീവ പ്രവർത്തകനും പോപ്പുലർ ഫ്രണ്ട് മന്ദലാംകുന്ന് ഏരിയ പ്രസിഡന്‍റുമാണ്. കുറ്റകൃത്യത്തിൽ നേരിട്ടു പങ്കെടുത്തയാളാണ് ഫെബീർ.
സംഭവ ശേഷം ഇയാൾ വിവിധ സ്ഥലങ്ങളിലായി ഒളിവിൽ കഴിയുകയായിരുന്നു. ചങ്ങരംകുളത്തു നിന്നാണ് അന്വേഷണ സംഘം ഇയാളെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. കൃത്യത്തിൽ ഉൾപ്പെട്ട മുഴുവൻ പ്രതികളും ഉടൻ അറസ്റ്റിലാവുമെന്ന് ക്രൈബ്രാഞ്ച് വ്യക്തമാക്കി. ഇക്കഴിഞ്ഞ 30നാണ് ബൈക്കിലെത്തിയ 15 സംഘം കോൺഗ്രസ് പ്രവർത്തകനായ നൗഷാദിനെ വെട്ടിയത്. ആശുപത്രിയിൽ ചികിത്സയിലായിരുന്ന നൗഷാദ് പിറ്റേ ദിവസം മരിച്ചു.
എസ്ഡിപിഐയിൽ നിന്ന് കോൺഗ്രസിലേക്കുള്ള കൊഴിഞ്ഞു പോക്ക് തടയാൻ നൗഷാദിനെ വകവരുത്തണമെന്ന അഭിപ്രായം ചില നേതാക്കളുണ്ടായിരുന്നതായി കേസിൽ നേരത്തെ പിടിയിലായ മുബീൻ പൊലീസിന് നൽകിയ മൊഴിയിൽ പറഞ്ഞിരുന്നു.