സംസ്ഥാനത്ത് ഒരാള്‍ക്ക് കൂടി കൊവിഡ്-19 സ്ഥിരീകരിച്ചു

Jaihind News Bureau
Thursday, March 19, 2020

തിരുവനന്തപുരം : സംസ്ഥാനത്ത് ഒരാള്‍ക്ക് കൂടി കൊവിഡ്-19 സ്ഥിരീകരിച്ചു. കാസര്‍ഗോഡ് സ്വദേശിക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ കൊവിഡ് ബാധിച്ച് സംസ്ഥാനത്ത് ചികിത്സയിലുള്ളവരുടെ എണ്ണം 25 ആയി.

സംസ്ഥാനത്ത് നിരീക്ഷണത്തിലുള്ള 31,173 പേരില്‍ 237 പേരാണ് ആശുപത്രിയിലുള്ളത്. ഇന്ന് മാത്രം 64 പേരെയാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുള്ളത്. പുതുതായി 6,103 പേരാണ് നിരീക്ഷണത്തിലാക്കിയിട്ടുള്ളത്. 5,155 പേരെ രോഗ ബാധയില്ലെന്ന് കണ്ടെത്തി നിരീക്ഷണത്തില്‍ നിന്ന് ഒഴിവാക്കി. പരിശോധനയ്ക്ക് അയച്ച 2921 സാമ്പിളുകളില്‍ 2342 എണ്ണം നെഗറ്റീവ് ആണെന്ന് കണ്ടെത്തി.

കൊവിഡ് പ്രതിസന്ധി നേരിടാന്‍ പ്രത്യേക പാക്കേജ് പ്രഖ്യാപിച്ചു. കുടുംബശ്രീ വഴി 2000 കോടി രൂപ വായ്പ ലഭ്യമാക്കും. ഏപ്രിലില്‍ നല്‍കേണ്ട സാമൂഹിക സുരക്ഷാ പെന്‍ഷന്‍ ഈ മാസം നല്‍കും. രണ്ട് മാസത്തെ പെന്‍ഷന്‍ ഒന്നിച്ച് നല്‍കും.  സാമൂഹിക പെന്‍ഷന്‍ ഇല്ലാത്തവർക്ക് 1000 രൂപ നല്‍കും. എല്ലാവര്‍ക്കും ഒരു മാസത്തെ റേഷന്‍ സൗജന്യമായി നല്‍കാനും തീരുമാനമായി. 500 കോടി രൂപയുടെ ഹെല്‍ത്ത് പാക്കേജും പ്രഖ്യാപിച്ചു.