കർഷക സമരത്തിനിടെ ഒരാള്‍ കൂടി മരിച്ചു. സമരക്കാർക്കെതിരെ ദേശ സുരക്ഷാ നിയമം ചുമത്തിയ ഹരിയാനാ പോലീസ്
നടപടി പിൻവലിച്ചു. അതേസമയം കൊല്ലപ്പെട്ട യുവകർഷകന്‍റെ കുടുംബത്തിന് പ്രഖ്യാപിച്ച ഒരു കോടി രൂപയും ജോലി വാഗ്ദാനവും കുടുംബം നിരസിച്ചു. കുറ്റക്കാർക്കെതിരെ കർശന നടപടിയാണ് വേണ്ടതെന്ന് കുടുംബം വ്യക്തമാക്കി.
സമരത്തിനിടെ ഒരു കർഷകൻ കൂടി മരിച്ചു. ഭട്ടിൻഡ സ്വദേശി 63 കാരനായ ദർശൻ സിംഗ് ആണ് മരിച്ചത്. ഇന്നലെ രാത്രി ഖനൗരി അതിർത്തിയിൽ കുഴഞ്ഞു വീണ ഇദ്ദേഹത്തെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മരണകാരണം ഹൃദയാഘാതമെന്നാണ് ഡോക്ടർമാർ പറയുന്നത്. ഇതോടെ അഞ്ചു കർഷകർ മരണപ്പെട്ടു എന്നാണ് കർഷക നേതാക്കൾ വ്യക്തമാക്കുന്നത്. അതേസമയം കർഷക സമരത്തിനിടെ സമരക്കാർ പൊതുമുതൽ നശിപ്പിച്ചെന്നപേരിൽ സമരത്തിന് നേതൃത്വം നൽകിയവർക്കെതിരെ ദേശ സുരക്ഷാ നിയമപ്രകാരം കേസെടുക്കുമെന്ന് ഹരിയാന പോലീസിന്‍റെ ഉത്തരവ് പിൻവലിച്ചു.
പോലീസിനെതിരെ വലിയ രീതിയിലുള്ള വിമർശനങ്ങൾ ഉയർന്നതിന് പിന്നാലെയാണ് നടപടി പിൻവലിച്ചത്. അതിനിടെ ഖനൗരിയിൽ സംഘർഷത്തിനിടെ കൊല്ലപ്പെട്ട യുവ കർഷകന്‍റെ കുടുംബത്തിന് പഞ്ചാബ് സർക്കാർ പ്രഖ്യാപിച്ച ധനസഹായവും ജോലി വാഗ്ദാനവും കുടുംബം നിഷേധിച്ചു. മകന് നീതിയാണ് വേണ്ടത് എന്ന് കുടുംബം പ്രതികരിച്ചു. ആ നീതിക്ക് പകരം വയ്ക്കാൻ പണത്തിനോ ജോലിക്കോ സാധിക്കില്ല എന്നും കുടുംബാംഗങ്ങൾ വ്യക്തമാക്കി. കുറ്റക്കാർക്കെതിരെ കർശന നടപടി വേണമെന്നാണ് കുടുംബത്തിന്‍റെ ആവശ്യം. അതുവരെ പോസ്റ്റുമാേർട്ട നടപടിയിലേക്ക് കടക്കില്ല എന്നും കുടുംബം അറിയിച്ചിട്ടുണ്ട്. എന്നാൽ കർഷക സമരത്തിനിടെ മൂന്ന് പോലീസുകാർ മരിച്ചെന്നും സംഘർഷത്തിൽ 30 പോലീസുകാർക്ക് പരിക്കേറ്റെന്നും ഹരിയാന പോലീസും വ്യക്തമാക്കി. സമവായ സാധ്യതകളുമായി കേന്ദ്രസർക്കാർ രംഗത്തെത്തിയെങ്കിലും വഴങ്ങാൻ കർഷക നേതാക്കൾ തയ്യാറായിട്ടില്ല. സമരം കൂടുതൽ ശക്തിപ്പെടാൻ തന്നെയാണ് സാധ്യത.