സംസ്ഥാനത്ത് വീണ്ടും കൊവിഡ് മരണം : പത്തനംതിട്ട സ്വദേശി കോട്ടയം മെഡിക്കല്‍ കോളേജില്‍ മരിച്ചു ; ആകെ മരണം എട്ടായി

Jaihind News Bureau
Friday, May 29, 2020

കോട്ടയം : സംസ്ഥാനത്ത് വീണ്ടും കൊവിഡ് മരണം റിപ്പോർട്ട് ചെയ്തു. പത്തനംതിട്ട സ്വദേശി ജോഷിയാണ് (65) മരിച്ചത്. കോട്ടയം മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കെ പുലർച്ചെ രണ്ട് മണിയോടെ ആയിരുന്നു മരണം. ഇതോടെ സംസ്ഥാനത്തെ കൊവിഡ് മരണം എട്ടായി.

അബുദാബിയിലായിരുന്ന ജോഷി മെയ് 11 നാണ്നാട്ടിലെത്തിയത്. മെയ് 18 മുതല്‍ പത്തനംതിട്ട ജില്ലാ ആശുപത്രിയിൽ ചികിത്സയിലായിരുന്ന ജോഷിയെവിദഗ്ധ ചികിത്സയ്ക്കായി 27 ന് കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. ജോഷിക്ക് പ്രമേഹ രോഗമുണ്ടായിരുന്നതായി ഡോക്ടർമാര്‍ അറിയിച്ചു. എന്നാല്‍ ഇക്കാര്യം ജോഷിക്കോ ബന്ധുക്കൾക്കോ അറിവുണ്ടായിരുന്നില്ലെന്നാണ് വിവരം.

ആരോഗ്യസ്ഥിതി വഷളായതോടെ ഇന്നലെ രാത്രി ഇദ്ദേഹത്തെ വെന്‍റിലേറ്ററിലേക്ക് മാറ്റുകയായിരുന്നു. ഇന്ന് പുലർച്ചെ രണ്ട് മണിയോടെ മരണം സംഭവിക്കുകയായിരുന്നു. മൃതദേഹം പത്തനംതിട്ടയിലേക്ക് കൊണ്ടുപോയി കൊവിഡ് പ്രോട്ടോക്കോൾ പ്രകാരം സംസ്കരിക്കും.