ലൂയിസ് ബർഗറിന്‍റെ തട്ടിക്കൂട്ട് റിപ്പോർട്ടിന് ഒരു കോടി ! അതേ കമ്പനിക്ക് തന്നെ വിശദമായ പഠനത്തിനും അനുമതി ; ഖജനാവ് കാലിയാക്കുന്ന കണ്‍സള്‍ട്ടന്‍സി കളി തുടർന്ന് സർക്കാർ

Jaihind News Bureau
Saturday, August 1, 2020

pinarayi vijayan

 

ഖജനാവ് കാലിയാക്കുന്ന സർക്കാരിന്‍റെ വിദേശകമ്പനി ഇടപാടുകള്‍ തുടർക്കഥയാക്കുന്നു. ശബരിമല വിമാനത്താവളത്തിന്‍റെ പ്രാഥമിക പഠനം നടത്താന്‍ അമേരിക്കന്‍ കമ്പനിക്ക് കരാര്‍ നല്‍കിയതിലൂടെയും പൊതുഖജനാവിന് വന്‍ നഷ്ടം. റിപ്പോർട്ട് സമർപ്പിക്കാന്‍ ഏകദേശം അഞ്ച് കോടിയോളം രൂപയ്ക്കാണ് അമേരിക്കന്‍ കമ്പനിയായ ലൂയിസ് ബര്‍‍ഗറിന് സർക്കാർ കരാര്‍ നല്‍കിയത്. എന്നാല്‍ നിർദ്ദിഷ്ട സ്ഥലം പോലും കാണാതെ കമ്പനി സമർപ്പിച്ച റിപ്പോർട്ടിന് ഒരു കോടി രൂപ സര്‍ക്കാര്‍ കണ്ണുംപൂട്ടി നല്‍കി. മാത്രമല്ല, വ്യവസ്ഥകളൊന്നും പാലിക്കാതെ തട്ടിക്കൂട്ട് റിപ്പോർട്ട് നല്‍കിയിട്ടും വിശദമായ പഠനം നടത്താന്‍ ഇതേ കമ്പനിക്ക് തന്നെ അനുമതിയും നല്‍കി.

ചെറുവള്ളി എസ്റ്റേറ്റിലെ നിര്‍ദ്ദിഷ്ട ശബരിമല ഗ്രീൻഫീല്‍ഡ് എയര്‍പോര്‍ട്ട് പദ്ധതിയുടെ പ്രാഥമിക പഠനത്തിനായി 2017 ലാണ് സര്‍ക്കാര്‍ ലൂയി ബര്‍ഗര്‍ എന്ന അമേരിക്കൻ കമ്പനിയുമായി കരാറൊപ്പിട്ടത്. സാങ്കേതിക – സാമ്പത്തിക – പാരിസ്ഥിതിക ആഘാത പഠനം, വിവിധ മന്ത്രാലയങ്ങളുടെ അനുമതി നേടിയെടുക്കല്‍ തുടങ്ങിയവയെല്ലാം കരാറില്‍ വ്യവസ്ഥ ചെയ്തിരുന്നു.  4 കോടി 67 ലക്ഷമായിരുന്നു കരാര്‍ തുക. എന്നാല്‍ ഈ വ്യവസ്ഥകളൊന്നും പാലിക്കാതെ 2018 നവംബറില്‍ അപൂർണ്ണവും അവ്യക്തവുമായ റിപ്പോർട്ടാണ് ലൂയിസ് ബർഗർ സമർപ്പിച്ചത്.

തുടർന്ന് ഒരു വർഷത്തിലേറെ റിപ്പോർട്ട് പൊടിപിടിച്ച് ഫയലില്‍ തന്നെ ഇരുന്നു. പിന്നീട് 2020 ഫെബ്രുവരി രണ്ടിന് ചേർന്ന ഉന്നതതലയോഗത്തില്‍ ഈ ‘റിപ്പോർട്ട്’ അവലോകനം ചെയ്തു. സമഗ്രമായ പഠനം നടത്താന്‍ കമ്പനിക്ക് കഴിഞ്ഞില്ല എന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍റെ അധ്യക്ഷതയില്‍ ചേർന്ന യോഗം തന്നെ വിലയിരുത്തി. കേന്ദ്രസര്‍ക്കാരിന്‍റേതുള്‍പ്പടെ വിവിധ അനുമതികളുടെ പ്രാരംഭ നടപടികള്‍ പോലും കമ്പനിക്ക് ചെയ്യാനായില്ലെന്നും യോഗത്തിന്‍റെ മിനിട്ട്സ് വ്യക്തമാക്കുന്നു.

എന്നാല്‍ തട്ടിക്കൂട്ട് റിപ്പോർട്ട് ആണെന്ന് വ്യക്തമായിട്ടും ഇതേ കമ്പനിക്ക് തന്നെ വിശദമായ പഠനം നടത്താനും യോഗം അനുമതി നല്‍കിയത് സംശയമുണർത്തുന്നു. സ്ഥലം പോലും കാണാതെ ലൂയി ബർഗര്‍ തയാറാക്കിയ റിപ്പോർട്ടിന് മാത്രം പ്രതിഫലമായി ഒരു കോടി രൂപ സർക്കാർ നല്‍കുകയും ചെയ്തു. കരാർ വ്യവസ്ഥകള്‍ പാലിക്കപ്പെട്ടിട്ടില്ലെന്നും അടിസ്ഥാന പഠനം പോലും നടത്താതെ തയാറാക്കിയ റിപ്പോർട്ടാണെന്നും വ്യക്തമായിട്ടും  ഇതേ കമ്പനിക്ക് തന്നെ ഇനിയും കോടികള്‍ നല്‍കാനുള്ള സർക്കാർ നീക്കമാണ് സംശയത്തിന്‍റെ നിഴലിലാകുന്നത്.

teevandi enkile ennodu para