കൊവിഡ്-19: സംസ്ഥാനത്ത് സ്ഥിതി രൂക്ഷമാകുന്നു; ഇന്ന് 141 രോഗികള്‍; മരണസംഖ്യ 22 ആയി

Jaihind News Bureau
Tuesday, June 23, 2020

സംസ്ഥാനത്ത് 141 പേര്‍ക്കുകൂടി കൊവിഡ് സ്ഥിരീകരിച്ചു. സംസ്ഥാനത്ത് തുടര്‍ച്ചയായ അഞ്ചാംദിവസവും കൊവിഡ് രോഗികളുടെ എണ്ണം നൂറു കടക്കുകയാണെങ്കിലും ഏറ്റവും കൂടുതല്‍ കേസുകള്‍ സ്ഥിരീകരിച്ച ദിവസമാണ് ഇന്ന്. പത്തനംതിട്ട, പാലക്കാട് ജില്ലകളില്‍ 27 പേർ വീതവും, ആലപ്പുഴ 19, തൃശൂര്‍ 14, എറണാകുളം 13, മലപ്പുറം 11, കോട്ടയം 8, കോഴിക്കോട് 6, കണ്ണൂര്‍ 6, തിരുവനന്തപുരം 4, കൊല്ലം 4, വയനാട് 2 ആണ് ഇന്ന് പൊസിറ്റീവ് ആയത്.

രോഗം സ്ഥിരീകരിച്ചവരില്‍ 79 പേര്‍ വിദേശത്തുനിന്നും 52 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും എത്തിയവരാണ്. 9 പേര്‍ക്ക് സമ്പര്‍ക്കം വഴിയാണ് രോഗം ഉണ്ടായത്. ഒരു ആരോഗ്യപ്രവര്‍ത്തകയും ഇന്ന് കൊവിഡ് ബാധിതയായി.

കൊല്ലത്ത് ഇന്ന് വീണ്ടും കൊവിഡ് മരണം ഉണ്ടായി. മയ്യനാട് സ്വദേശി വസന്തകുമാര്‍ ആണ് മരിച്ചത്. ഇതോടെ സംസ്ഥാനത്ത് കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 22 ആയി.

അറുപത് രോഗികളാണ് ഇന്ന് സുഖംപ്രാപിച്ചത്. ചികില്‍സയിലുള്ളത് 1620 പേരും.

സംസ്ഥാനത്ത് സ്ഥിതി രൂക്ഷമാണെന്നും രോഗലക്ഷണങ്ങളില്ലാത്ത രോഗികളുടെ എണ്ണം കൂടിയെന്നും ഉറവിടം കണ്ടെത്താനാകാത്ത കേസുകളുമുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

9 ജില്ലകളില്‍ നൂറിലേറെ രോഗികളായി. മലപ്പുറം 201, പാലക്കാട് 154, കൊല്ലം 150, എറണാകുളം 127, പത്തനംതിട്ട 126, കണ്ണൂര്‍ 120, തൃശൂര്‍ 113, കോഴിക്കോട് 107, കാസര്‍കോട് 102.