ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ്: 31 അംഗ സംയുക്ത പാർലമെന്ററി കമ്മിറ്റി രൂപീകരിച്ചു; പ്രിയങ്ക ഗാന്ധിയും സമിതിയില്‍

ഡൽഹി: ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ് ബില്‍ പരിശോധിക്കാന്‍ സംയുക്ത പാര്‍ലമെന്ററി സമിതി രൂപീകരിച്ചു. ബിജെപി അംഗവും മുന്‍ നിയമ സഹ മന്ത്രിയുമായ പി.പി ചൗധരിയാണ് സമിതി അധ്യക്ഷൻ. വയനാട് കോണ്‍ഗ്രസ് എം പി പ്രിയങ്ക ഗാന്ധി ഉള്‍പ്പടെ 31 അംഗങ്ങൾ സമിതിയിലുണ്ട്. ലോക്സഭയില്‍ നിന്ന് 21 അംഗങ്ങളും രാജ്യസഭയില്‍ നിന്ന് പത്ത് പേരുമാണുള്ളത്.

കോണ്‍ഗ്രസിലെ മനീഷ് തിവാരിയും സുഖ്‌ദേവ് ഭഗത്തും, ശിവസേനയുടെ ശ്രീകാന്ത് ഷിന്‍ഡെ, സമാജ് വാദി പാര്‍ട്ടിയുടെ ധര്‍മേന്ദ്ര യാദവ്, ടിഎംസിയുടെ കല്യാണ് ബാനര്‍ജി, ഡിഎംകെയുടെ ടിഎം സെല്‍വഗണപതി, ടിഡിപിയുടെ ജി.എം ഹരീഷ് ബാലയോഗി, എന്‍സിപിയുടെ സുപ്രിയ സുലെ (ശരദ് പവാര്‍), ആര്‍എല്‍ഡിയുടെ ചന്ദന്‍ ചൗഹാനും ജനസേനയിലെ ബാലഷോരി വല്ലഭനേനിയുമാണ് സമിതിയിലുള്ള മറ്റ് ലോക്സഭാ അംഗങ്ങള്‍.

അടുത്ത സമ്മേളനത്തിന്റെ അവസാന ആഴ്ചയിലെ ആദ്യ ദിവസം ജെപിസി റിപ്പോര്‍ട്ട് പാര്‍ലമെന്റിന് സമര്‍പ്പിക്കണമെന്ന നിര്‍ദേശത്തോടെയാണ് സമിതി രൂപീകരിച്ചിട്ടുള്ളത്. കഴിഞ്ഞ ദിവസം നിയമ മന്ത്രി ലോക്‌സഭയില്‍ അവതരിപ്പിച്ച ബില്‍ ജെപിസിക്ക് വിടണമെന്ന പ്രതിപക്ഷ ആവശ്യം സര്‍ക്കാര്‍ അംഗീകരിക്കുകയായിരുന്നു.

ഭരണഘടനാ ഭേദഗതിക്ക് ആവശ്യമായ അംഗബലം ലോക്സഭയില്‍ സര്‍ക്കാരിനില്ലെന്ന് അവതരണാനുമതി തേടിയ ഘട്ടത്തില്‍ വെളിപ്പെട്ടിരുന്നു. ഭരണഘടനാ ഭേദഗതി പാസാക്കാന്‍ മൂന്നില്‍ രണ്ട് ഭൂരിപക്ഷം (362 പേരുടെ പിന്തുണ) വേണം. എന്‍ഡിഎയ്ക്ക് 293 ഉം പ്രതിപക്ഷ ഇൻഡ്യാ കൂട്ടായ്മയ്ക്ക് 234ഉം അംഗങ്ങളാണുള്ളത്. എന്‍ഡിഎയുടെ ഭാഗമല്ലാത്ത നാല് എംപിമാരുള്ള വൈഎസ്ആര്‍സിപിയും അകാലിദളിന്റെ ഏക അംഗവും പിന്തുണച്ചാലും എന്‍ഡിഎ 300ല്‍പ്പോലുമെത്തില്ല. അവതരണ പ്രമേയം വോട്ടിനിട്ടപ്പോള്‍ പിന്തുണച്ചത് 269 അംഗങ്ങള്‍.198 പേര്‍ എതിര്‍ത്തു. വിപ്പ് നല്‍കിയിട്ടും ഇരുപത് ബിജെപി എംപിമാര്‍ വിട്ടുനിന്നു. എന്‍ഡിഎയുടെ പ്രധാന ഘടകകക്ഷിയായ ജെഡിയുവിലെ ആരും പിന്തുണച്ച് സംസാരിച്ചില്ല.

Comments (0)
Add Comment