തിരുവനന്തപുരം : കൊവിഡ് നിയന്ത്രണങ്ങള്‍ക്കിടെ ഓണക്കിറ്റ് വിതരണോദ്ഘാടനം മാമാങ്കമാക്കാന്‍ സര്‍ക്കാര്‍. ഉദ്ഘാടകരായി പ്രമുഖരെ കണ്ടെത്താനും റേഷന്‍ കടകള്‍ക്ക് നിര്‍ദ്ദേശം.
നാളെ രാവിലെ 8.30ന് മുന്‍പ് വിതരണോദ്ഘാടനം നിര്‍വഹിക്കണമെന്നാണ് സര്‍ക്കാരിന്റെ വിചിത്ര ഉത്തരവ്. അതേസമയം വിതരണത്തിനുള്ള ഓണക്കിറ്റുപോലും എത്തിക്കാതെയാണ് ഉദ്ഘാടനത്തിനുള്ള നിര്‍ദ്ദേശമെന്ന് റേഷന്‍ വ്യാപാരികള്‍ ആരോപിക്കുന്നു.
ഓണക്കിറ്റിന്റെ വിതരണോദ്ഘാടനം ഭക്ഷ്യമന്ത്രി ജി.ആർ ആനിൽ ഇന്നലെ നിർവഹിച്ചിരുന്നു.ഇതിനു പിന്നാലെയാണ് സംസ്ഥാനത്തെ 14,250 റേഷൻ കടകളിലും വിതരണോദ്ഘാടനം നടത്താന്‍ സിവിൽ സപ്ലൈസ് വകുപ്പിന്റെ നിർദേശം. സ്ഥലത്തെ ജനപ്രതിനിധിയെയോ കലാകായിക രംഗത്തെ പ്രമുഖരെ കൊണ്ടോ ഉദ്ഘാടനം നിർവഹിക്കണം.
ഇതിന്റെ ചിത്രം സിവിൽ സപ്ലൈസ് ഡയറക്ടർക്ക് അയച്ചു കൊടുക്കുകയും വേണം. മികച്ച ഉദ്ഘാടനങ്ങൾക്ക് പാരിതോഷികം നൽകുമെന്നും ഉത്തരവിലുണ്ട്. കിറ്റ് വിതരണത്തെ രാഷ്ട്രീയ വത്ക്കരിക്കുന്നെന്ന ആക്ഷേപങ്ങള്‍ക്കിടെയാണ് സർക്കാർ ഉത്തരവ്.