സർക്കാർ വാഗ്ദാനം പാളി; ഓണക്കിറ്റ് വിതരണം ഇഴയുന്നു, റേഷന്‍ കടകളില്‍ കിറ്റെത്തിയില്ല

 

തിരുവനന്തപുരം : റേഷൻ കടകൾ വഴിയുള്ള സൗജന്യ ഓണക്കിറ്റ് വിതരണം ഇഴയുന്നു. റേഷൻ കടകൾ വഴി ഈ മാസം 16 നകം മുഴുവൻ കാർഡ് ഉടമകൾക്കും കിറ്റ് വിതരണം പൂർത്തിയാക്കുമെന്നായിരുന്നു വാഗ്ദാനം. എന്നാൽ ഇരുപത് ശതമാനത്തോളം പേർക്ക് മാത്രമാണ് ഇതുവരെ കിറ്റ് ലഭിച്ചത്.

കിറ്റ് വാങ്ങാൻ റേഷൻ കടകളിലെത്തുന്ന കാർഡ് ഉടമകളിൽ നല്ലൊരു ശതമാനവും വെറും കയ്യോടെ മടങ്ങുകയാണ്. 15 ഇനം സാധനങ്ങൾ അടങ്ങിയ കിറ്റിന്‍റെ വിതരണം ജൂലൈ 31 ന് ആരംഭിച്ച് 16 നകം പൂർത്തിയാക്കുമെന്നായിരുന്നു സർക്കാർ വാഗ്ദാനം. മുൻഗണനാ ക്രമത്തിലുള്ള മഞ്ഞ, പിങ്ക് കാർഡ് ഉടമകൾക്ക് കഴിഞ്ഞ ശനിയാഴ്ചയ്ക്കകം കിറ്റ് പൂർത്തിയാക്കാനായിരുന്നു സർക്കാർ നിർദേശം. ഈ രണ്ട് ഗണത്തിലുമായി സംസ്ഥാനത്താകെ 35 ലക്ഷത്തോളം ഗുണഭോക്താക്കളുണ്ട്. എന്നാൽ ഇതുവരെ 8 ലക്ഷം പേർക്ക് മാത്രമാണ് കിറ്റ് വിതരണം ചെയ്തത്. മുൻഗണനാ വിഭാഗങ്ങൾക്കുള്ള കിറ്റും പൂർണ്ണമായും പല റേഷൻ കടകളിലുമെത്തിച്ചിട്ടില്ല.

വിതരണം ഒരാഴ്ച പിന്നിടുമ്പോൾ മഞ്ഞ കാർഡുകാർക്കുള്ള സൗജന്യ കിറ്റുകൾ മാത്രമാണ് കടകളിൽ എത്തിയത്. കിറ്റിൽ ഉൾപ്പെടുത്തേണ്ട സാധനങ്ങൾ പാക്കിംഗ് കേന്ദ്രങ്ങളിൽ എത്തിക്കുന്നതിലെ കാലതാമസമാണ് കിറ്റ് വിതരണം ഇഴഞ്ഞുനീങ്ങാൻ കാരണം. കിറ്റ് വിതരണത്തിന്‍റെ കമ്മീഷനായി വൻ തുക ലഭിക്കാനുള്ള വ്യാപാരികളുടെ പ്രതിഷേധം നിലനിൽക്കുന്നതിനിടെയാണ് ഓണക്കിറ്റ് വിതരണത്തിൽ താളപ്പിഴകൾ ഉണ്ടായിരിക്കുന്നത്. ഒരാഴ്ചയ്ക്കുള്ളിൽ മുഴുവനായി എത്തിക്കാമെന്നാണ് റേഷൻ കടയുടമകൾക്ക് ലഭിച്ചിരിക്കുന്ന അറിയിപ്പ്. ഈ രീതി തുടർന്നാൽ ഈ മാസം അവസാനം ആയാലും കിറ്റ് വിതരണം പൂർത്തിയാവില്ല.

Comments (0)
Add Comment