തിരുവനന്തപുരം : സംസ്ഥാനത്ത് ഓണത്തോടനുബന്ധിച്ചുള്ള വാരാന്ത്യ ലോക്ക്ഡൗണ്‍ ഇളവ് ഇന്ന് കൂടി തുടരും. നിയന്ത്രണങ്ങള്‍ പാലിച്ച് കടകള്‍ക്ക് ഇന്നും പ്രവര്‍ത്തനാനുമതിയുണ്ട്. കൂടുതല്‍ നിയന്ത്രങ്ങള്‍ വേണമോ എന്ന കാര്യത്തില്‍ നാളെ ചേരുന്ന അവലോകന യോഗത്തില്‍ അന്തിമ തീരുമാനമെടുക്കും. അടുത്ത ഞായറാഴ്ച സമ്പൂര്‍ണ്ണ ലോക്ക്ഡൗൺ ആയിരിക്കും.
സംസ്ഥാനത്ത് ഇന്നലെ ടിപിആർ 17.73 ശതമാനമായി ഉയർന്നിരുന്നു. 87 ദിവസങ്ങൾക്ക് ശേഷമാണ് ടിപിആർ 17 ന് മുകളിലെത്തിയത്. 17,106 പേർക്കാണ് ഒറ്റ ദിവസത്തിനിടെ കൊവിഡ് സ്ഥിരീകരിച്ചത്. ഇന്നലെയും പരിശോധനയുടെ എണ്ണം കുറവായിരുന്നു. 96,481 സാമ്പിളുകള്‍ മാത്രമാണ് ഇന്നലെ പരിശോധിച്ചത്. 83 മരണങ്ങളാണ് ഇന്നലെ സ്ഥിരീകരിച്ചത്. 20,846 പേർ രോഗമുക്തരായി.
മാളുകള്‍ അടക്കമുള്ളവ ബുധനാഴ്ച മുതല്‍ കൊവിഡ് നിയന്ത്രണങ്ങള്‍ പാലിച്ച് തുറന്നിരുന്നു. ഓണത്തിരക്ക് മുന്‍കൂട്ടി കണ്ടാണ് സംസ്ഥാന സര്‍ക്കാര്‍ കൂടുതല്‍ ഇളവുകള്‍ നല്‍കാന്‍ നേരത്തെ തീരുമാനമെടുത്തത്. ഷോപ്പിംഗ് മാളുകള്‍ ഉള്‍പ്പെടെയുള്ളവ പ്രവര്‍ത്തിക്കുന്നുണ്ടായിരുന്നു. അതേസമയം ഓണത്തിരക്കിന് പിന്നാലെ കൊവിഡ് കേസുകളില്‍ വർധനവുണ്ടാകുമോ എന്ന ആശങ്കയും നിലനില്‍ക്കുന്നുണ്ട്.