തിരുവനന്തപുരം: ഐശ്വര്യത്തിന്റെയും സമൃദ്ധിയുടെയും നാളുകളുടെ വരവറിയിച്ച് ഇന്ന് അത്തം. അത്തം പിറന്നതോടെ കേരളത്തിന് ഇനി പത്തുനാള്‍ ആഘോഷ നിറവാണ്. പതിനഞ്ചിനാണ് തിരുവോണം. ഇത്തവണ ചിങ്ങത്തില്‍ രണ്ട് അത്തവും തിരുവോണവും വന്നതും പ്രത്യേകതയാണ്.
മലയാളിയുടെ വീട്ടുമുറ്റത്ത് ഇന്നു മുതല്‍ പൂക്കളങ്ങള്‍ വിരിഞ്ഞുതുടങ്ങും. വയനാട് ദുരന്തമേല്‍പിച്ച ആഘാതത്തിനിടയിലും മലയാളികള്‍ ഓണത്തെ വരവേല്‍ക്കാന്‍ ഒരുങ്ങുകയാണ്. പൂക്കളങ്ങള്‍, ഓണക്കോടി, ഓണക്കളികള്‍,ഓണസദ്യ തുടങ്ങി എല്ലാത്തിനും ഒരുക്കം തുടങ്ങിക്കഴിഞ്ഞു.
പൂക്കളത്തിനായി ഓണവിപണിയില്‍ പൂക്കള്‍ ഇന്നലെ മുതല്‍ എത്തിത്തുടങ്ങി. ഗ്രാമ നഗര വ്യത്യാസമില്ലാതെ തെരുവു കച്ചവടവും ഉഷാറാണ്. ആഭരണക്കടകളിലും വസ്ത്രവ്യാപാര ശാലകളിലും തിരക്കുണ്ട്. സര്‍ക്കാരിന്റേതുള്‍പ്പെടെ വിവിധ ഓണച്ചന്തകള്‍ക്കും ഇന്നു തുടക്കമാകും.