ഓണം ബമ്പറില്‍ വന്‍ ട്വിസ്റ്റ്; ആ ഭാഗ്യവാന്‍ സെയ്ദലവിയല്ല, കൊച്ചി മരട് സ്വദേശി ജയപാലന്‍

Jaihind Webdesk
Monday, September 20, 2021

കൊച്ചി : സർക്കാരിന്‍റെ ഓണം ബമ്പറിൽ വൻ ട്വിസ്റ്റ്. മരട് സ്വദേശിയായ ഓട്ടോ ഡ്രൈവർ ജയപാലനാണ് 12 കോടി സമ്മാനം അടിച്ചതെന്ന് സ്ഥിരീകരിച്ചു. സമ്മാനാർഹമായ ടിക്കറ്റ് അദ്ദേഹം ബാങ്കിൽ നൽകി. ഓട്ടോ ഡ്രൈവറായ ജയപാലൻ ഈ മാസം പത്തിനാണ് ടിക്കറ്റെടുത്തത്.

തിരുവോണം ബമ്പര്‍ ഭാഗ്യക്കുറിയുടെ നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചതിന് പിന്നാലെ 12 കോടിയുടെ ഭാഗ്യശാലിയാണെന്ന അവകാശവാദവുമായി പ്രവാസി രംഗത്തെത്തിയിരുന്നു. പനമരം സ്വദേശി സെയ്തലവിയാണ് തനിക്ക് ഓണം ബമ്പറിന്‍റെ സമ്മാന തുകയായ 12 കോടി രൂപ അടിച്ചതായി അറിയിച്ച് രംഗത്ത് വന്നത്. ഗള്‍ഫില്‍ പാചക തൊഴിലാളിയായി ജോലി ചെയ്തുവരികയാണ് സെയ്തലവി.

ഞായറാഴ്ച നടന്ന തിരുവോണം ബമ്പര്‍ ഭാഗ്യക്കുറി നറുക്കെടുപ്പില്‍ 12 കോടിയുടെ ഒന്നാം സമ്മാനം TE 645465 എന്ന ടിക്കറ്റ് നമ്പറിനാണ് ലഭിച്ചത്. കരുനാഗപ്പള്ളി സബ് ഓഫീസില്‍ വിതരണം ചെയ്ത ടിക്കറ്റിനാണിത്. മുരുഗേഷ് തേവര്‍ എന്ന ഏജന്‍റ് മുഖേന തൃപ്പൂണിത്തുറയിലാണ് ടിക്കറ്റ് വിറ്റത്. തൃപ്പൂണിത്തുറയിലെ മീനാക്ഷി ലോട്ടറീസിന്‍റെ കൗണ്ടറില്‍ നിന്ന് ഒറ്റ ടിക്കറ്റായാണ് ഇത് വിറ്റുപോയത്.