ഇവരാണ് ആ ഭാഗ്യവാന്‍മാര്‍! ഓണം ബംബര്‍ കൊല്ലത്തെ സുഹൃത്തുക്കള്‍ക്ക്

Jaihind Webdesk
Thursday, September 19, 2019

തിരുവനന്തപുരം: ഓണം ബംബര്‍ നറുക്കെറുത്തു. ഒന്നാം സമ്മാനമായ പന്ത്രണ്ട് കോടി ലഭിച്ചിരിക്കുന്നത് ടിഎം 160869 എന്ന ടിക്കറ്റിനാണ്. കൊല്ലം ജില്ലയില്‍ വിറ്റ ടിക്കറ്റിനാണ് ഒന്നാം സമ്മാനം ലഭിച്ചിരിക്കുന്നത്. കരുനാഗപ്പള്ളിയിലെ 6 യുവാക്കളാണ് ഒന്നാം സമ്മാനം നേടിയിരിക്കുന്നത്. കരുനാഗപ്പളളി ചുങ്കത്ത് ജ്വല്ലറിയിലെ ജീവനക്കാരായ ഇവര്‍ ജ്വല്ലറിക്ക് മുന്നിലെ ലോട്ടറിക്കടയില്‍ നിന്നുമാണ് ഒരുമിച്ച് ടിക്കറ്റ് എടുത്തത്. റോണി, രാജീവ്, രംജിം, വിവേക്, രതീഷ്, സുബിന്‍ എന്നിവരാണ് ആ ഭാഗ്യശാലികള്‍.

കായംകുളത്തെ ശ്രീമുരുകാ ലോട്ടറി ഏജന്റായ ശിവന്‍ കുട്ടിയാണ് ഒന്നാം സമ്മാനാര്‍ഹമായ ടിക്കറ്റ് വിറ്റത്. ഒന്നാം സമ്മാനമായ 12 കോടിയില്‍ നിന്ന് 7.56 കോടി രൂപയാണ് സമ്മാനാര്‍ഹന് ലഭിക്കുക. ലോട്ടറി വില്‍പന ഏജന്‍സിക്കുളള കമ്മീഷനും ആദായ നികുതിയും കഴിച്ചുളള തുയാണിത്. സമ്മാനത്തുകയുടെ 10 ശതമാനമാണ് ഏജന്‍സി കമ്മീഷന്‍. കമ്മീഷന്‍ കഴിച്ചുളള തുകയുടെ 30 ശതമാനമാണ് ആദായ നികുതി.

12 കോടി സമ്മാനത്തുകയില്‍ നിന്നും 1.20 കോടി രൂപ ഏജന്‍സി കമ്മീഷനായും 3.24 കോടി രൂപ നികുതിയായും കുറയും. കേരളത്തിന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ സമ്മാനത്തുകയാണ് ഇത്തവണ തിരുവോണം ബംബറിലേത്. പത്ത് പേര്‍ക്ക് 50 ലക്ഷം വീതമാണ് രണ്ടാം സമ്മാനം.

TA 514401, TC 354228, TC 339745, TE 386793, TG 239730, TH 490562, TJ 223635, TK 267122, TM 136328 എന്നീ ടിക്കറ്റുകള്‍ക്കാണ് രണ്ടാം സമ്മാനമായ 50 ലക്ഷം ലഭിച്ചിരിക്കുന്നത്. മൂന്നാം സമ്മാനം ഇരുപത് പേര്‍ക്ക് പത്ത് ലക്ഷം രൂപയാണ്. മറ്റ് സീരിസുകളില്‍ സമ്മാനാര്‍ഹമായ നമ്പറുളള ടിക്കറ്റെടുത്ത പത്ത് പേര്‍ക്ക് സമാശ്വാസ സമ്മാനമായി 5 ലക്ഷം രൂപ വീതം ലഭിക്കും.

ആദ്യമായാണ് ഇത്രയും വലിയ തുക താന്‍ വിറ്റ ലോട്ടറിക്ക് ലഭിക്കുന്നതെന്ന് ഏജന്റ് ശിവന്‍കുട്ടി പ്രതികരിച്ചു. ഉച്ചയ്ക്ക് 2.30ന് മന്ത്രി ജി സുധാകരനാണ് ഓണം ബംബര്‍ നറുക്കെടുത്തത്. ഇക്കുറി 46 ലക്ഷം ലോട്ടറിയാണ് അച്ചടിച്ചിരുന്നത്. അതില്‍ 43 ലക്ഷത്തിലധികം ലോട്ടറികള്‍ വിറ്റതോടെ തന്നെ 30 കോടിയോളം രൂപ സര്‍ക്കാരിന് ലാഭമായി ലഭിച്ചിട്ടുണ്ട്.