‘കയ്യും കാലും തല്ലിയൊടിക്കും, അടങ്ങിയില്ലെങ്കില്‍ കൊന്നുകളയും’ ; മമതയ്ക്കും അനുയായികള്‍ക്കുമെതിരെ ബി.ജെ.പി നേതാവിന്‍റെ കൊലവിളി

Jaihind News Bureau
Monday, November 9, 2020

 

കൊല്‍ക്കത്ത: പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിക്കും അനുയായികള്‍ക്കുമെതിരെ കൊലവിളിയുമായി ബംഗാള്‍ ബി.ജെ.പി അധ്യക്ഷ്യന്‍ ദിലീപ് ഘോഷ്. അടുത്ത ആറ് മാസത്തിനിടെ മാറാന്‍ തയാറായില്ലെങ്കില്‍ കയ്യും കാലും തല്ലിയൊടിക്കുമെന്നും തല അടിച്ചുപൊട്ടിക്കുമെന്നും പറഞ്ഞ ഘോഷ് അടങ്ങിയില്ലെങ്കില്‍ കൊന്നുകളയുമെന്നും ഭീഷണിപ്പെടുത്തി. ഹാല്‍ദിയയില്‍ നടന്ന റാലിക്കിടെയായിരുന്നു ബി.ജെ.പി നേതാവിന്‍റെ കൊലവിളി.

“പ്രശ്നം സൃഷ്ടിക്കുന്ന ദീദിയുടെ സഹോദരന്മാര്‍ അടുത്ത ആറുമാസത്തിനുള്ളില്‍ മാറാന്‍ തയാറാകണം. അല്ലെങ്കില്‍ നിങ്ങളുടെ കൈയും കാലും വാരിയെല്ലുകളും തല്ലിയൊടിക്കും, തല അടിച്ചു തകർക്കും. നിങ്ങള്‍ ആശുപത്രിയിലേക്ക് പോകാന്‍ തയാറാകേണ്ടിവരും. എന്നിട്ടും അടങ്ങാന്‍ തയാറല്ലെങ്കില്‍ ശ്മശാനത്തിലേക്ക് പോകേണ്ടിവരും” – ദിലീപ് ഘോഷ് പറഞ്ഞു.

അടുത്ത വര്‍ഷം നിയസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ ഇരു പക്ഷങ്ങളും തമ്മില്‍ കടുത്ത ആക്രമണ-പ്രത്യാക്രമണങ്ങളാണ് നടക്കുന്നത്. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ രണ്ട് ദിവസത്തെ ബംഗാള്‍ സന്ദര്‍ശനത്തിന് പിന്നാലെയായിരുന്നു ബംഗാള്‍ ബി.ജെ.പി അധ്യക്ഷന്‍റെ കൊലവിളി.