കെടുകാര്യസ്ഥതയുടെ ഉത്തമ ഉദാഹരണമാണ് സംസ്ഥാന സർക്കാർ: ഉമ്മൻ ചാണ്ടി

Jaihind Webdesk
Sunday, March 24, 2019

കർഷകരെ കടക്കെണിയിലേയ്ക്കും ആത്മഹത്യയിലേയ്ക്കും നയിച്ച സംസ്ഥാന സർക്കാർ കെടുകാര്യസ്ഥതയുടെ ഉത്തമ ഉദാഹരണമാണെന്ന് മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി.  ചെറുതോണിയിൽ യു.ഡി.എഫ് സ്ഥാനാർത്ഥി ഡീൻ കുര്യാക്കോസിന്റെ തെരഞ്ഞെടുപ്പ് കൺവൻഷൻ ഉദ്ഘാടനം ചെയ്യുകയായിരുന്നു ഉമ്മൻ ചാണ്ടി.

ഇടുക്കിയിൽ എട്ടു കർഷക ആത്മഹത്യകൾ നടന്നിട്ടും സംസ്ഥാന സർക്കാർ മുഖം തിരിച്ചു നിൽക്കുകയായിരുന്നു. തിരഞ്ഞെടുപ്പടുത്തപ്പോൾ ജനങ്ങളെ കബളിപ്പിക്കുന്നതിനായി കർഷകരുടെ കടങ്ങൾക്ക് എല്ലാം മൊറട്ടോറിയം പ്രഖ്യാപിക്കും എന്നു പറഞ്ഞു.. മന്ത്രിസഭ യോഗം ചേർന്ന് അതിൽ      ഉത്തരവിറക്കാതെ ജനങ്ങളെ കബളിപ്പിച്ചത് കെടുകാര്യസ്ഥതയുടെ തെളിവാണ്.

കസ്തൂരി രംഗൻ വിഷയത്തിൽ യു.ഡി.എഫ് സർക്കാർ നേടിയെടുത്ത കരട് വിജ്ഞാപനത്തിൽ ഒരു മാറ്റവും വരുത്താൻ ആർക്കും കഴിഞ്ഞിട്ടില്ല. മറിച്ചുള്ള ചിലരുടെ പ്രചരണങ്ങൾ ജനങ്ങളുടെ കണ്ണിൽ പൊടിയിടാൻ വേണ്ടിയാണ്. കർഷകരുടെ ഒരിഞ്ചു ഭൂമിയും കിടപ്പാടവും പരിസ്ഥിതി സംരക്ഷണത്തിന്റെ പേരിൽ നഷ്ടപ്പെടാൻ പാടില്ലെന്ന നിലപാട് എടുത്തത് കഴിഞ്ഞ യു.ഡി.എഫ് സർക്കാരാണ്. ഇടുക്കി മെഡിക്കൽ കോളജിന്റെ പേരിൽ അവകാശവാദവുമായി ചിലർ രംഗത്തെത്തിയിരിക്കുന്നത് ലജ്ജാവഹമാണ്. ഇക്കാര്യത്തിൽ യാതൊരു ബന്ധം പോലുമില്ലാത്ത ആളുകളുടെ പടം വച്ച ഫ്ളക്സ് ബോർഡുകളാണ് എൽ.ഡി.എഫ് നാടു മുഴുവൻ ഉയർത്തിയിരിക്കുന്നത്. കേന്ദ്ര സർക്കാർ മതേതരത്വത്തിന് ഭീഷണിയാണ്. കേരളത്തിൽ അക്രമ രാഷ്ടീയത്തിന് നേതൃത്വം കൊടുക്കുന്ന സർക്കാരാണ് ഭരിക്കുന്നതെന്നും ഉമ്മൻ ചാണ്ടി കുറ്റപ്പെടുത്തി. ഇടുക്കിയുടെ വികാരമാണ് ഡീൻ കുര്യാക്കോസ്. ചെറുതോണിയിൽ നടന്നത് തെരഞ്ഞെടുപ്പ് കൺവൻഷൻ അല്ല ഡീൻ കുര്യാക്കോസിന്‍റെ വിജയ പ്രഖ്യാപന കൺവൻഷനാണ് നടന്നതെന്നും ഉമ്മൻ ചാണ്ടി പറഞ്ഞു.

യോഗത്തിൽ യു.ഡി എഫ് ജില്ലാ ചെയർമാൻ അഡ്വ. എസ്. അശോകൻ അധ്യക്ഷത വഹിച്ചു. പി.ജെ ജോസഫ് എംഎൽഎ മുഖ്യ പ്രഭാഷണം നടത്തി. യു ഡി എഫ് നേതാക്കളായ പി.ടി.തോമസ് എം.എൽ എ.  ജോസഫ് വാഴയ്ക്കൻ, പാലോട് രവി, ജോണി നെല്ലൂർ, റോഷി അഗസ്റ്റിൻ, ടി. യു കുരുവിള,  ഇബ്രാഹിം കുട്ടി കല്ലാർ തുടങ്ങിയവർ  സംസാരിച്ചു.[yop_poll id=2]