രാജ്യത്ത് ഒമിക്രോൺ വ്യാപിക്കുന്നു : വേണ്ട നിയന്ത്രണങ്ങള്‍ ഏർപ്പെടുത്താന്‍ സംസ്ഥാനങ്ങളോട് കേന്ദ്രം

Jaihind Webdesk
Saturday, December 25, 2021

ന്യൂഡൽഹി: ഒമിക്രോൺ ഭീതിയിൽ രാജ്യം. 24 മണിക്കൂറിനിടയിൽ രാജ്യത്ത് 122 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. 17 സംസ്ഥാനങ്ങളിലായി 358 കേസുകളാണ് ഇതുവരെ റിപ്പോർട്ട് ചെയ്തത്. മഹാരാഷ്ട്ര, കേരളം, കർണ്ണാടകം, തമിഴ്നാട്, ബംഗാൾ തുടങ്ങി കൊവിഡ് കേസുകൾ സജീവമായി നിൽക്കുന്ന സംസ്ഥാനങ്ങളിലാണ് ഒമിക്രോൺ കേസുകളും വർദ്ധിക്കുന്നത്.

മഹാരാഷ്ട്രയിലാണ് ഏറ്റവും കൂടുതൽ രോഗികളുള്ളത്. സംസ്ഥാനത്തെ രോഗബാധിതരുടെ എണ്ണം 88 ആയി ഉയർന്നു. ഡൽഹി(67), തെലങ്കാന(38), തമിഴ്‌നാട്(34) തുടങ്ങിയ സംസ്ഥാനങ്ങളാണ് തൊട്ടുപിന്നിൽ. രോഗവ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തിൽ രാജ്യത്ത് നിയന്ത്രണങ്ങളും കടുപ്പിക്കുകയാണ്. രാത്രികാല കർഫ്യൂ, ആൾക്കൂട്ട നിയന്ത്രണം എന്നീ കാര്യങ്ങളിൽ നടപടികൾ സ്വീകരിക്കാൻ സംസ്ഥാനങ്ങളോട് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് കേന്ദ്ര ആരോഗ്യ സെക്രട്ടറി രാജേഷ് ഭൂഷൺ പറഞ്ഞു.

ഉത്തർപ്രദേശിൽ വിവാഹ ചടങ്ങുകളിൽ പങ്കെടുക്കാവുന്നവരുടെ എണ്ണം ഇരുന്നൂറാക്കി കുറച്ചു. കർണാടക, മഹാരാഷ്ട്ര തുടങ്ങിയ സംസ്ഥാനങ്ങളിൽ പൊതുസ്ഥലങ്ങളിലെ ക്രിസ്മസ്, ന്യൂ ഇയർ ആഘോഷങ്ങൾക്ക് വിലക്കേർപ്പെടുത്തിയിട്ടുണ്ട്.