ജാഗ്രത വേണം, രാജ്യത്ത് ഒമിക്രോണ്‍ കേസുകള്‍ വർധിക്കുന്നു; ബൂസ്റ്റർ ഡോസുകള്‍ ജനുവരി 10 മുതല്‍

Jaihind Webdesk
Sunday, December 26, 2021

 

ന്യൂഡല്‍ഹി: രാജ്യത്ത് ഒമിക്രോണ്‍  കേസുകളുടെ എണ്ണം കൂടുന്നു. ഇന്ത്യയില്‍ ഒമിക്രോണ്‍ ബാധിച്ചവരുടെ എണ്ണം 422 ആയി ഉയർന്നു. മഹാരാഷ്ട്രയിലാണ് നിലവില്‍ കൂടുതല്‍ രോഗികളുള്ളത്. ഒമിക്രോണ്‍ വ്യാപനഭീതിയുടെ പശ്ചാത്തലത്തില്‍ ബൂസ്റ്റർ ഡോസുകള്‍ നല്‍കുമെന്ന് കേന്ദ്രം അറിയിച്ചു.

മഹാരാഷ്ട്രയില്‍ 108 പേര്‍ക്കാണ് ഇതുവരെ രോഗം സ്ഥിരീകരിച്ചത്.  രണ്ടാം സ്ഥാനത്തുള്ള ഡല്‍ഹിയില്‍  79 കേസുകളാണുള്ളത്.  ഗുജറാത്ത് – 43, തെലങ്കാന – 41, കേരളം – 38, കര്‍ണാടക 31 എന്നിങ്ങനെയാണ് മറ്റ് സംസ്ഥാനങ്ങളിലെ കണക്കുകള്‍.  ഒമിക്രോണ്‍ ബാധിച്ച 130 പേരാണ് ഇതുവരെ രാജ്യത്ത് രോഗമുക്തരായത്.

വിദേശ രാജ്യങ്ങളിലെ ഒമിക്രോണ്‍ വ്യാപനത്തിന്‍റെ കണക്കുകള്‍ ആശങ്കയുണർത്തുന്ന സാഹചര്യത്തില്‍ ഇന്ത്യയിലും കർശന ജാഗ്രത ആവശ്യമാണെന്ന് ഐഎംഎ മുന്നറിയിപ്പ് നല്‍കി. ഫ്രാന്‍സിലും ഇറ്റലിയിലും രോഗികളുടെ എണ്ണം വര്‍ധിക്കുകയാണ്. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 1,04,611 കേസുകളാണ് ഫ്രാന്‍സില്‍ റിപ്പോര്‍ട്ട് ചെയ്തത്.  യൂറോപ്പില്‍ പല രാജ്യങ്ങളിലും നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. അമേരിക്കയിലും കോവിഡ് കേസുകളുടെ എണ്ണം വര്‍ധിക്കുകയാണ്.

ഒമിക്രോണ്‍ വ്യാപനത്തിന്‍റെ പശ്ചാത്തലത്തില്‍ ജനുവരി 10 മുതല്‍ രാജ്യത്ത് ബൂസ്റ്റര്‍ ഡോസ് നല്‍കിത്തുടങ്ങുമെന്ന് കേന്ദ്രം അറിയിച്ചു. മറ്റൊരു വാക്സിനായിരിക്കും ബൂസ്റ്റര്‍ ഡോസായി ലഭിക്കുക എന്നാണ് സൂചന.  ഇത് സംബന്ധിച്ചുള്ള മാര്‍ഗനിര്‍ദേശം കേന്ദ്ര ആരോഗ്യ മന്ത്രാലയം പുറത്തിറക്കും. ആരോഗ്യപ്രവര്‍ത്തകര്‍, കൊവിഡ് മുന്നണി പോരാളികള്‍, ഗുരുതര ആരോഗ്യ പ്രശ്നങ്ങളുള്ള 60 വയസ് പിന്നിട്ടവര്‍ക്കുമാണ് ബൂസ്റ്റര്‍ ഡോസ് നല്‍കുക.

കൊവിഡ് കേസുകള്‍ കുറയാതെ നില്‍ക്കുകയും ഒപ്പം വാക്‌സിനേഷനില്‍ പിന്നാക്കം നില്‍ക്കുകയും ചെയ്യുന്ന സംസ്ഥാനങ്ങളില്‍ കേന്ദ്രം പ്രത്യേക സംഘത്തെ അയക്കും. കേരളം ഉള്‍പ്പെടെയുള്ള പത്ത് സംസ്ഥാനങ്ങളില്‍ പ്രത്യേക സംഘം എത്തും. പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കാന്‍ സംസ്ഥാനങ്ങള്‍ക്ക് കേന്ദ്രം നിര്‍ദേശം നല്‍കിയിട്ടുണ്ട്. രാജ്യത്ത് 15 മുതല്‍ 18 വയസ് വരെയുള്ള കുട്ടികള്‍ക്ക് ജനുവരി മൂന്ന് മുതല്‍ വാക്‌സിനേഷന്‍ നല്‍കി തുടങ്ങുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി അറിയിച്ചു.