കേരളത്തിലും ഒമിക്രോണ്‍; യുകെയില്‍ നിന്നെത്തിയ എറണാകുളം സ്വദേശിക്ക് രോഗം സ്ഥിരീകരിച്ചു

Jaihind Webdesk
Sunday, December 12, 2021

 

തിരുവനന്തപുരം : കേരളത്തിൽ ഒരു ഒമി ക്രോൺ പോസിറ്റീവ് കേസ് റിപ്പോർട്ട് ചെയ്തു. യുകെയിൽ നിന്ന് വന്ന എറണാകുളം സ്വദേശിക്കാണ് ഒമിക്രോണ്‍ സ്ഥിരീകരിച്ചത്. ഡിസംബർ ആറിനാണ് ഇയാള്‍ അബുദാബി വഴി കൊച്ചിയിലെത്തിയത്. ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് പറഞ്ഞു.

രോഗിയുടെ ആരോഗ്യനില തൃപ്തികരം. രോഗിക്ക് സമ്പർക്കമുള്ളത് ഒരോളോട് മാത്രമെന്നാണ് വിവരം. ഡിസംബര്‍ എട്ടിനാണ് പരിശോധന നടത്തിയത്. ഒപ്പം വിമാനത്തില്‍ സഞ്ചരിച്ചവരെ നിരീക്ഷണത്തിലാക്കിയിട്ടുണ്ട്. രോഗിയുടെ ഭാര്യയ്ക്കും ഭാര്യാമാതാവിനും കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.

ഈ മാസം 6 ന് യുകെയിൽ നിന്ന് അബുദാബിയിലെത്തിയ ശേഷം എത്തിഹാദ് വിമാനത്തിൽ കൊച്ചിയിലെത്തിയ എറണാകുളം സ്വദേശിക്കാണ് ഒമിക്രോൺ ബാധ കണ്ടെത്തിയത്. എട്ടാം തീയതി നടത്തിയ പരിശോധനയിൽ കോവിഡ് പോസിറ്റീവ് ആണെന്ന് കണ്ടെത്തുകയും തുടർന്ന് നടത്തിയ രക്ത പരിശോധനയിൽ ഒമിക്രോൺ ആണെന്ന് തിരിച്ചറിയുകയുമായിരുന്നു.

എത്തിഹാദ് വിമാനത്തിലുണ്ടായിരുന്ന 149 യാത്രക്കാരെയും വിവരമറിയിക്കുകയും വേണ്ട മുൻകരുതലുകൾ സ്വീകരിക്കുകയും ചെയ്തിട്ടുണ്ടെന്ന് ആരോഗ്യ മന്ത്രി വീണാ ജോർജ് പറഞ്ഞു. ഇദേഹവുമായി പ്രാഥമിക സമ്പർക്കമുള്ളവർ ഭാര്യയും ഭാര്യാ മാതാവും മാത്രമാണ്. ഇവരുടെ ടെസ്റ്റ് റിസൾട്ടും പോസിറ്റീവ് ആയിട്ടുണ്ട്. മൂന്ന് പേരെയും സുരക്ഷിതമായി ക്വാറന്‍റൈനിൽ ആക്കിയിട്ടുണ്ട്. മൂവരുടെയും ആരോഗ്യനില തൃപ്തികരമാണെന്നും ആശങ്കപ്പെടേണ്ട സാഹചര്യം ഇല്ലെന്നും ആരോഗ്യ മന്ത്രി വീണാ ജോർജ് പറഞ്ഞു.