മസ്കറ്റ് : ആറ് മാസത്തില്‍ കൂടുതല്‍ വിദേശത്ത് തങ്ങിയ പ്രവാസികള്‍ക്കും ഇനി ഒമാനിലേക്ക് തിരികെ എത്താന്‍ അനുമതി നല്‍കും. വിസാ നിയമത്തില്‍ ഇളവ് വരുത്തി റോയല്‍ ഒമാന്‍ പോലീസാണ് ഇക്കാര്യം അറിയിച്ചത്. ഇതോടെ കൊവിഡ് കാരണം ആറ് മാസത്തില്‍ കൂടുതലായി നാട്ടില്‍ കുടങ്ങിക്കിടക്കുന്ന മലയാളികള്‍ ഉള്‍പ്പടെയുള്ളവര്‍ക്ക് ഒമാനില്‍ തിരിച്ചെത്താനാകും.
ആറ് മാസത്തില്‍ കൂടുതല്‍ വിദേശത്ത് തങ്ങാന്‍ പാടില്ലെന്നാണ് നിയമം. ഇപ്രകാരം മറ്റൊരു രാജ്യത്ത് ആറ് മാസത്തിലധികം താമസിക്കുന്നവര്‍ക്ക് ഒമാനിലെ താമസ വിസയുടെ സാധുത നഷ്ടപ്പെടുമായിരുന്നു. എന്നാല്‍ ഈ നിയമം എടുത്തുകളഞ്ഞതായി പാസ്പോര്‍ട്ട് ആന്റ് റസിഡന്‍സ് ഡയറക്ടറേറ്റ് അറിയിച്ചു. ഒമാന്‍ ദേശീയ റേഡിയോയില്‍ നല്കിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. നിലവില്‍ നാട്ടില്‍ കുടുങ്ങിക്കിടക്കുന്ന മലയാളികള്‍ ഉള്‍പ്പെടെയുള്ള പ്രവാസികള്‍ക്ക് ഏറെ ആശ്വാസം പകരുന്നതാണ് ഈ തീരുമാനം. നിലവിലെ സാഹചര്യങ്ങള്‍ മാറുകയും വിമാന സര്‍വീസുകള്‍ സാധാരണ നിലയില്‍ ആകുകയും ചെയ്യുന്നതുവരെ പ്രവാസികള്‍ക്ക് നാട്ടില്‍ തന്നെ തുടരാനാകും. അതേസമയം വിസാ കാലാവധി കഴിഞ്ഞവര്‍ നിര്‍ബന്ധമായും വിസ പുതുക്കണമെന്നും അധികൃതര്‍ പറഞ്ഞു.
ഇതിനായി സ്പോണ്സര് മുഖേന ഡയറക്ടറേറ്റ് ജനറലിനെ സമീപിക്കണം. നിലവില്‍ വിദേശത്തുള്ള വിസാ കാലാവധി കഴിഞ്ഞവര്‍ക്ക് സ്പോണ്സര് വഴി വിസാ പുതുക്കാം. വിസ പുതുക്കിയ രേഖ സ്പോണ്സര് ജീവനക്കാരന് അയച്ചു കൊടുക്കണം. തിരിച്ച് വരുമ്പോള്‍ വിസ പുതുക്കിയതിന്റെ രേഖയായി ഇത് ജീവനക്കാരന് വിമാനത്താവളത്തില്‍ സമര്‍പ്പിക്കണം. കൊവിഡ് മൂലമുള്ള പുതിയ സാഹചര്യത്തില്‍ മാത്രമാണ് ഒമാനില്‍ ഈ സൗകര്യം അനുവദിച്ചിട്ടുള്ളത്.