ഓം ബിര്‍ള വീണ്ടും ലോക്സഭാ സ്പീക്കര്‍, ഡിവിഷന്‍ ആവശ്യപ്പെടാതെ പ്രതിപക്ഷം, അഭിനന്ദിച്ച് രാഹുല്‍ ഗാന്ധി

 

ന്യൂഡല്‍ഹി: ലോക്സഭാ സ്പീക്കറായി ഓം ബിര്‍ള വീണ്ടും തിരഞ്ഞെടുക്കപ്പെട്ടു. തുടര്‍ച്ചയായി രണ്ടാം തവണയാണ് അദ്ദേഹം സ്പീക്കറായി തിരഞ്ഞെടുക്കപ്പെടുന്നത്. ഓം ബിര്‍ളക്കും കൊടിക്കുന്നിലിനുമായി 16 പ്രമേയങ്ങളാണ് അവതരിപ്പിച്ചത്. നരേന്ദ്രമോദി അവതരിപ്പിച്ച പ്രമേയം പ്രോട്ടെം സ്പീക്കർ ശബ്ദവോട്ടോടെ അംഗീകരിച്ചു. പ്രധാനമന്ത്രി നരേന്ദ്രമോദിയും പ്രതിപക്ഷ നേതാവ് രാഹുല്‍ഗാന്ധിയും പാർലമെന്‍ററി കാര്യമന്ത്രിയും ചേർന്ന് ഓംബി‍ർളയെ സ്പീക്കർ ചെയ്റിലേക്ക് ആനയിച്ചു. പ്രതിപക്ഷം സ്പീക്കര്‍ തിരഞ്ഞെടുപ്പിന് വോട്ടെടുപ്പ് ആവശ്യപ്പെട്ടില്ലെന്നത് ശ്രദ്ധേയമായി. സഖ്യകക്ഷികളുടെ വികാരം കൂടി പരിഗണിച്ചാണ് വോട്ടെടുപ്പ് ആവശ്യപ്പെടാത്തത് എന്ന് കോൺഗ്രസ് വൃത്തങ്ങൾ അറിയിച്ചു.

ഓംബിർളയെ പ്രതിപക്ഷ നേതാവ് രാഹുല്‍ഗാന്ധി അഭിനന്ദിച്ചു. സർക്കാരിന് രാഷ്ട്രീയ അധികാരം ഉണ്ട്. എന്നാല്‍ പ്രതിപക്ഷവും ജനങ്ങളുടെ ശബ്ദമാണ് പ്രതിനിധികരിക്കുന്നത്. പ്രതിപക്ഷത്തിന് പറയാനുള്ളതും സഭയില്‍ കേള്‍ക്കേണ്ടതുണ്ട്. പ്രതിപക്ഷത്തെ സംസാരിക്കാൻ അനുവദിക്കാത്തത് ജനാധിപത്യവിരുദ്ധമാണെന്നും രാഹുല്‍ പറഞ്ഞു. സഭ കാര്യക്ഷമായി പ്രവർ‍ത്തിക്കുന്നു എന്നതിനേക്കാള്‍ ഇന്ത്യയിലെ ജനങ്ങളുടെ ശബ്ദം എത്രത്തോളം സഭയില്‍ ഉയരുന്നുവെന്നുവെന്നതാണ് പ്രധാനമെന്നും അദ്ദേഹം വ്യക്തമാക്കി.

Comments (0)
Add Comment