പാരീസ്: ഒളിമ്പിക്സ് പുരുഷ ഹോക്കിയിൽ ഇന്ത്യയ്ക്കു വെങ്കലം. സ്പെയിനെ 2–1ന് തോൽപിച്ചാണ് ഇന്ത്യയുടെ നേട്ടം. പാരീസിൽ ഇന്ത്യയുടെ നാലാം മെഡലും ഇന്ത്യൻ ഹോക്കി ടീമിന്‍റെ ഒളിമ്പിക് ചരിത്രത്തിലെ മൂന്നാം വെങ്കല മെഡലുമാണിത്. ക്യാപ്റ്റൻ ഹർമൻപ്രീത് സിംഗാണ് ഇന്ത്യയ്ക്കായി രണ്ടു ഗോളുകളും നേടിയത്. ഇന്ത്യൻ ഗോൾകീപ്പർ മലയാളിതാരം ശ്രീജേഷിന്‍റെ സേവുകൾ ഇന്ത്യയ്ക്കു തുണയായി. പി.ആർ. ശ്രീജേഷിന്‍റെ കരിയറിലെ അവസാന മത്സരമാണ് ഇന്നത്തേത്.
30, 33 മിനിറ്റുകളിലായിരുന്നു ഹർമൻപ്രീത് സിംഗ് ഗോളുകള്‍ നേടിയത്. 18–ാം മിനിറ്റിലാണ് സ്പെയിനിന്‍റെ ഗോള്‍ പിറന്നത്. മാര്‍ക് മിറാലസാണ് പെനാൽറ്റി സ്ട്രോക്കില്‍ നിന്ന് ഗോള്‍ നേടിയത്. പെനാൽറ്റി കോർണറിൽ നിന്നായിരുന്നു ഇന്ത്യയുടെ ആദ്യ ഗോള്‍. ആദ്യ പകുതി പിന്നിട്ടപ്പോൾ സ്കോർ 1–1 എന്ന നിലയിലായിരുന്നു. 33–ാം മിനിറ്റിൽ പെനാൽറ്റി കോർണറിൽ നിന്ന് രണ്ടാം ഗോള്‍ നേടി ഹർമൻപ്രീത് സിംഗ് ഇന്ത്യയെ മുന്നിലെത്തിച്ചു. സെമിയിൽ ജർമനിയോടു 2–3നു തോറ്റതോടെയാണ് ഇന്ത്യ 3–ാം സ്ഥാനത്തിനായി സ്പെയിനിനോട് മത്സരിച്ചത്.
ഒളിംപിക്സ് ഹോക്കിയിൽ ഇന്ത്യയുടെ തുടർച്ചയായ രണ്ടാം വെങ്കലമാണിത്. കഴിഞ്ഞ തവണ ടോക്കിയോയിൽ ശ്രീജേഷ് ഉൾപ്പെടുന്ന ഇന്ത്യൻ ടീം വെങ്കലം നേടിയിരുന്നു. പി.ആർ. ശ്രീജേഷ് 335–ാമത്തെ മത്സരം ഇന്നു പൂർത്തിയാക്കി. വിരമിക്കല്‍ മത്സരത്തില്‍ മെഡല്‍ നേട്ടത്തിന്‍റെ തിളക്കത്തിലാണ് ശ്രീജേഷിന്‍റെ മടക്കം.